യു എൻ രക്ഷാസമിതിയിൽ വീറ്റോ;മൗസൂദ്‌ അസറിനെ തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നാവശ്യം തള്ളി

0

വാഷിങ്ടൺ: തീവ്രവാദി ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ച്‌ കരിമ്പട്ടികയിൽ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി ചൈന. നാലാം തവണയാണ് ഇന്ത്യയുടെ ആവശ്യത്തെ യുഎൻ സുരക്ഷാ സമിതിയിൽ ചൈന എതിർക്കുന്നത്.

മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് തൽക്കാലം മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ട് വച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ച നടത്തണമെന്നാണ് ചൈനയുടെ നിലപാട്.
മസൂദ് അസറിനെ ആഗോള തീവ്രവാദിപ്പട്ടികയിൽ പെടുത്തുന്നതിനോട് പാകിസ്ഥാൻ അനുകൂല നിലപാടെടുക്കില്ല. പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടുപോകാനുമാകില്ല. ഈ സാഹചര്യത്തിൽ ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു നിലപാടേ ഐക്യരാഷ്ട്രസഭ എടുക്കാവൂ എന്ന ആവശ്യം ചൈന മുന്നോട്ടുവെച്ചു.

യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിന് മുന്നോടിയായി ഇന്ത്യ ഐക്യരാഷ്ട്ര സഭയിലെ എല്ലാ അംഗരാജ്യങ്ങളോടും മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ പിന്തുണ നൽകണമെന്നും അഭ്യർത്ഥിച്ചിരുന്നു. അതിർത്തിയ്ക്കപ്പുറം ജയ്ഷെ മുഹമ്മദ് ഭീകരപരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്നും ഇവർ ഇന്ത്യയിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ നടത്താൻ ശ്രമിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേ സമയം അമേരിക്കയും, യുകെയും ഫ്രാൻസും ഇക്കാര്യത്തിൽ ഇന്ത്യക്കൊപ്പമാണ്. അൽ ഖ്വയ്‍ദയുമായി ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിരോധനമേർപ്പെടുത്തുന്ന സമിതിയ്ക്ക് മുമ്പാകെ ഈ ആവശ്യം ഈ മൂന്ന്‌ രാജ്യങ്ങളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ഇന്ത്യ പിന്തുണച്ചിരുന്നു.

Leave A Reply

Your email address will not be published.