ടാര്‍ജെറ്റും അമിത ജോലിഭാരവും, മരണവും ആത്മഹത്യയും, പ്രൊമോഷന്‍ പോലും വേണ്ട ആവശ്യപ്പെടുന്നത് സമാധാനം മാത്രം; പേടിപ്പിക്കുന്ന പോലീസിനുള്ളിലെ നിസ്സഹായത

0

പോലീസ് സേനയ്ക്കുള്ളില്‍ അധികം പ്രായമാകാതെ മരിക്കുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചു വരികയാണ്. വിശ്രമമില്ലാത്ത ജോലിയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം തന്നെയാണ് ഇത്തരത്തില്‍ പ്രായമെത്തുന്നതിന് മുമ്പുള്ള മരണത്തിന് കാരണമാകുന്നത്. സമാധനത്തോടെയും നെഞ്ചുറപ്പോടെയും പല കേസുകളും കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ക്ക് ഇതിന് സാധിക്കാതെ വരുന്നുണ്ട്. തങ്ങള്‍ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദം തന്നെയാണ് ഇതിന് കാരണം.

ഉന്നത നിര്‍ദേശം അനുസരിച്ച് ടാര്‍ജെറ്റ് തികയ്ക്കാനുള്ള ഓട്ടമാണ് ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍. സിഒടിപിഎ(സിഗരറ്റ് ആന്റ് അതര്‍ ടുബാക്കോ പ്രോഡക്ട്‌സ് ആക്ട്) എന്‍ഡിപിഎസ്(നര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക്കല്‍ സബ്സ്റ്റന്‍സെസ് ആക്ട്) എന്നിവയില്‍ ദിവസവും രണ്ട് കേസ് എങ്കിലും പിടിച്ചിരിക്കണം. ഇത് കര്‍ശനമായ നിര്‍ദേശമാണ്. ഇതിനായി മാത്രം എന്നും സെപെഷ്യല്‍ ഡ്രൈവാണ്. ഒരു ദിവസം ഇതിനായി മാത്രം പോലീസ് ഉദ്യോഗസ്ഥര്‍ ഇറങ്ങുന്നു. ഇത് ഉദ്യോഗസ്ഥരെ വലിയ ജോലിഭാരവും മാനസിക സമ്മര്‍ദ്ദവുമാണ് ഉണ്ടാക്കുന്നത്.

പോലീസ് സേനയില്‍ ഇപ്പോഴും തുടരുന്നത് 1988ലെ സ്റ്റാഫ് പാറ്റേണാണ്. കാലം മാറിയിട്ടും സ്റ്റാഫ് പാറ്റേണോ പ്രവര്‍ത്തന രീതിയോ വേണ്ടരീതിയില്‍ മാറ്റാനായി പോലീസില്‍ സാധിക്കുന്നില്ല. ലോ ആന്റ് ഓര്‍ഡര്‍ തിരിച്ചതിന് ശേഷം സര്‍വീസ് പൂര്‍ത്തിയാക്കി ഗ്രേഡ് പ്രൊമോഷന്‍ കിട്ടിയ എസ്‌ഐമാരെ ക്രൈം ചാര്‍ജ് ഏല്‍പ്പിക്കുന്ന രീതി സ്ഥിരമാണ്. ഇവരുടെ തലയിലാണ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 1000ല്‍ അധികം കേസുകള്‍ വരുന്നത്.

സര്‍വീസ് പൂര്‍ത്തിയായി പിരിഞ്ഞാലും ഈ കേസുകള്‍ക്ക് പിന്നാലെ ഓടേണ്ട അവസ്ഥയാണ് അവര്‍ക്ക്. പെന്‍ഷന്‍ കഴിഞ്ഞും കേസ് വിചാരണയ്ക്കായി കോടതികള്‍ കയറി ഇറങ്ങേണ്ട സ്ഥിതിയാണ്. റിട്ടയര്‍മെന്റിന് ശേഷവും ഫയല് പഠിച്ച് വിചാരണ നേരിടേണ്ടി വരുന്നു. ഇത് പോലീസ് ഉദ്യോഗസ്ഥരില്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം ചെറുതല്ല.

Leave A Reply

Your email address will not be published.