പബ്ജി കളി ; രാജ്കോട്ടിൽ വിദ്യാർഥികളടക്കം പത്ത് പേർ അറസ്റ്റിൽ‌

0

രാജ്കോട്ട്: നിരോധനം ഏർപ്പെടുത്തിയ മള്‍ട്ടിപ്ലെയര്‍ മൊബൈല്‍ ഗെയിം പബ്ജി കളിച്ച പത്ത് പേരെ രാജ്‌കോട്ട്‌ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പബ്ജി കളിക്കുന്നത് രാജ്കോട്ടിൽ നിരോധിച്ചിരുന്നു. നിരോധനത്തിന് ശേഷവും ഗെയിം കളിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ആറ് പേര്‍ ബിരുദ വിദ്യാര്‍ത്ഥികളാണ്. ഗുജറാത്തിലെ സൂറത്താണ് ആദ്യമായി പബ്ജി നിരോധിച്ച നഗരം.

മാർച്ച് ആറിനാണ് ന​ഗരത്തിൽ പബ്ജി കളിക്കുന്നത് നിരോധിച്ചുകൊണ്ട് പൊലീസ് കമ്മീഷണർ മനോജ് അ​ഗർവാൾ ഉത്തരവിറക്കിയത്. പബ്ജി കളിക്കുന്നതുമായി ബന്ധപ്പെട്ട് 12 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമാണ്. അറിയിപ്പ് കൊടുത്തിട്ടും അത് അനുസരിക്കാതിരുന്നതിന്റെ പേരില്‍ വിചാരണയുണ്ടാകുമെന്നും രാജ്കോട്ട് പൊലീസ് ഇൻസ്പെക്ടർ രോഹിത് റാവൽ അറിയിച്ചു.

ബുധനാഴ്ച പൊലീസ് ആസ്ഥാനത്തിനടുത്ത് നിന്നും പബ്ജി കളിച്ച മൂന്ന് യുവാക്കളെ രാജ്‌കോട്ട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഐപിസി 188,35 എന്നീ വകുപ്പുകൾ പ്രകാരമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട മൂന്നുപേരെ ജാമ്യത്തില്‍ വിട്ടയച്ചതായും റാവല്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് ആറ് ബിരുദ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. ചായക്കടയിൽ നിന്ന് പബ്ജി കളിക്കുന്നതിനിടെയാണ് വിദ്യാർഥികളെ പിടികൂടിയത്. ഇവർക്കെതിരെ വിവിധ വകുപ്പുകളിലായി ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരേയും ജാമ്യത്തില്‍ വിട്ടയച്ചു. അതേദിവസം സത്താ ബസാറിൽ നിന്ന് 25കാരനെ പിടികൂടിയതായും സബ് ഇൻസ്പെക്ടർ എൻഡി ദാരോർ പറഞ്ഞു.

Leave A Reply

Your email address will not be published.