ലോകകപ്പ്; മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷ സ്വീകരിച്ചുതുടങ്ങി

ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഖത്തർ നൽകുന്ന 'ഹയ്യ' കാർഡുള്ളവർ evisa.rop.gov.om എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്പോർട്ട് കോപ്പി, ഒമാനിലെ ഹോട്ടൽ റിസർവേഷൻ സ്ഥിരീകരണം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ഖത്തർ ലോകകപ്പിനെ പിന്തുണക്കുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്ന ഫുട്ബാൾ ആരാധകരെ ഒമാനിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സുൽത്താനേറ്റ് സൗജന്യ മൾട്ടി എൻട്രി ടൂറിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. വിസക്ക് 60 ദിവസത്തെ സാധുതയുണ്ടാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് ആൻഡ് സിവിൽ സ്റ്റാറ്റസിലെ അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ലെഫ്. കേണൽ അഹ്മദ് ബിൻ സഈദ് അൽ ഗഫ്രി അറിയിച്ചിരുന്നു.