ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഈ മാസം 18 മുതൽ

അബുദാബി: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 18ന് യുഎഇയിലെ അൽവത്ബയിൽ ആരംഭിക്കും.
'യുഎഇ: സംസ്കാരങ്ങളെ ഒന്നിപ്പിക്കുന്നു; എന്നതാണ് ഇത്തവത്തെ പ്രമേയം. യുഎഇ, ഇന്ത്യ ഉൾപ്പെടെ ആഗോള രാജ്യങ്ങളുടെ സംസ്കാരം, പൈതൃകം, ജീവിത രീതി, കല എന്നിവയെല്ലാം സ്വദേശികൾക്കും വിദേശികൾക്കും പകരുകയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമാക്കുന്നത്.
നാലു മാസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ഇത്തവണ നാലായിരത്തിലേറെ വിനോദ പരിപാടികളാണ സന്ദർശകരെ കാത്തിരിക്കുന്നത്. ഇതിൽ 750 മെഗാ കലാ, സാംസ്കാരിക പരിപാടികളും ഉൾപ്പെടും.
കുടുംബങ്ങൾക്ക് ഒന്നടങ്കം പങ്കെടുക്കാവുന്ന വിനോദ പരിപാടികളും ലോകോത്തര സംഗീത, കലാ പ്രകടനങ്ങളും അരങ്ങേറും. കുട്ടികൾക്കായി പ്രത്യേക കളിക്കളവും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ സ്റ്റാളുകളും ആഘോഷത്തെ സമ്പന്നമാക്കും. 120 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിലേക്ക് വൈകിട്ട് 4 മുതൽ 11 വരെയാണു പ്രവേശനം.