സൗദിയിൽ പല ഭാഗങ്ങളിലും മഴയും പൊടിക്കാറ്റും

സൗദിയിൽ കാലാവസ്ഥ മാറ്റം പ്രകടമാകുന്നു. ചൂടിൽനിന്ന് പതിയെ തണുപ്പിലേക്ക് മാറുന്ന ലക്ഷണങ്ങളാണ് കാണുന്നത്. വിവിധ ഭാഗങ്ങളിൽ നേരിയതും മിതവുമായ മഴക്കാണ് ബുധനാഴ്ച സാക്ഷ്യം വഹിച്ചത്.
കാലാവസ്ഥ മാറ്റമറിയിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ പേമാരിയുടെ വരവ് തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ഒറ്റപ്പെട്ട ചില പ്രദേശങ്ങളിൽ കനത്ത മഴയും പൊടിക്കാറ്റും ഉണ്ടായി. ഗൾഫിലാകെ കാലാവസ്ഥ മാറ്റത്തിന്റെ വരവറിയിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും മഴയുണ്ടാവുമെന്നാണ് പ്രവചനം. ചിലയിടങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
ചൊവ്വാഴ്ച രാത്രിയും പലഭാഗത്തും മഴ പെയ്തിട്ടുണ്ട്. കാലാവസ്ഥ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.രാജ്യത്തെ വടക്കൻ മേഖലയിൽ പകൽസമയത്ത് മിതമായ കാലാവസ്ഥക്ക് സാക്ഷ്യംവഹിക്കുമെന്നും ഉയർന്ന പ്രദേശങ്ങൾ പുലർച്ച തണുത്ത കാറ്റ് വീശുമെന്നും മധ്യഭാഗത്തിന്റെ പടിഞ്ഞാറ്, വടക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിൽ പൊടിക്കാറ്റ് വീശുമെന്നും കാലാവസ്ഥ വിദഗ്ധൻ അബ്ദുൽ അസീസ് അൽ-ഹുസൈനി നേരത്തേ സൂചന നൽകിയിരുന്നു.