കുവൈത്തിന്റെ ആദ്യ വിദ്യാഭ്യാസ സാറ്റലൈറ്റ് 'കുവൈത്ത് സാറ്റ്-1' വിക്ഷേപണത്തിന് ഒരുങ്ങുന്നു

കുവൈത്തിന്റെ ആദ്യ വിദ്യാഭ്യാസ സാറ്റലൈറ്റ് 'കുവൈത്ത് സാറ്റ്-1' വിക്ഷേപണത്തിന് ഒരുങ്ങുന്നു. കുവൈത്ത് സാറ്റ്-1 പ്രോജക്ട് ഡയറക്ടറും യൂനിവേഴ്സിറ്റി ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ടീച്ചിങ് ഫാക്കൽറ്റി അംഗവുമായ ഡോ. ഹല അൽ ജസ്സാർ ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസാണ് (കെ.എഫ്.എ.എസ്) പദ്ധതിക്ക് പിന്നിൽ. മൂന്നു വർഷമായി ഗവേഷണം നടക്കുന്ന കുവൈത്ത് സാറ്റ്-1 കുവൈത്തിന്റെ അഭിമാനകരമായ പദ്ധതിയായാണ് കണക്കാക്കുന്നത്. സയൻസസ് ആൻഡ് എൻജിനീയറിങ്, പെട്രോളിയം കോളജുകളിലെ വിവിധ വകുപ്പുകളുടെ സഹകരണം പദ്ധതി പൂർത്തീകരണത്തിന് പിന്നിലുണ്ട്. ബഹിരാകാശ മേഖലയിൽ സർവകലാശാലയുടെ പങ്കും, സാറ്റലൈറ്റ് നിർമാണ മേഖലയിൽ യുവാക്കളുടെ കഴിവുകളും വളർത്തിയെടുക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ടെന്ന് ഡോ. ഹല അൽ ജസ്സർ പറഞ്ഞു.