കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കി

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധന ശക്തമായി തുടരുന്നു. ശര്‍ഖ് ഫിഷ് മാര്‍ക്കറ്റില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 24 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു. ഇവരില്‍ ആറുപേര്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരാണ്. കാലാവധി കഴിഞ്ഞ താമസവിസയുള്ള രണ്ടുപേരും പിടിയിലായവരില്‍പ്പെടുന്നു. സുരക്ഷാസേനകളുമായി സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും താമസ, തൊഴില്‍ നിയമലംഘകര്‍ക്ക് ജോലി നല്‍കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സബാഹ് അല്‍ സലിം, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അഡ്‍മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ 19 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.