വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ദ്വിദിന സന്ദര്‍ശനത്തിനായി റിയാദിൽ

റിയാദ്: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് റിയാദിൽ. രാഷ്ട്രീയ സുരക്ഷ സാമൂഹിക സാംസ്കാരിക സഹകരണ സമിതിയുടെ (പി.എസ്.എസ്.സി) മന്ത്രിതല യോഗത്തില്‍ സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സൗദിനൊപ്പം മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ പങ്കെടുക്കും. മന്ത്രിയെന്ന നിലയില്‍ സൗദി അറേബ്യയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്.
സൗദിയിലെ ഉന്നതോദ്യോഗസ്ഥ പ്രമുഖര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് മുബാറക് അല്‍-ഹജ്റഫ് എന്നിവരുമായും ഇന്ത്യന്‍ മന്ത്രി കൂടിക്കാഴ്ചകള്‍ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും അത് മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.
രണ്ട് മന്ത്രിമാരും ഉഭയകക്ഷി ബന്ധം സമഗ്രമായ അവലോകനത്തിന് വിധേയമാക്കുകയും സഹകരണ സമിതിയുടെ നാല് സംയുക്ത വര്‍ക്കിങ് ഗ്രൂപ്പുകള്‍ക്ക് കീഴിലുള്ള പ്രവര്‍ത്തന പുരോഗതി ചര്‍ച്ച ചെയ്യുകയും ചെയ്യും. ശനിയാഴ്ച വൈകീട്ട് 4.30 മുതല്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പ്രവാസി ഇന്ത്യന്‍ സമൂഹത്തില്‍നിന്ന് ക്ഷണിക്കപ്പെട്ടവരുമായി സംവാദ പരിപാടിയിലും പ്രവാസികാര്യത്തിന്റെ ചുമതലകൂടി വഹിക്കുന്ന മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ പങ്കെടുക്കും.