ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് ഖത്തർ അമീർ

ദോഹ: ഇന്ത്യയുടെ പുതിയ 15ാമത് രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൗപദി മുർമുവിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അഭിനന്ദിച്ചു. അമീറും ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയും രാഷ്ട്രപതിക്ക് അഭിനന്ദന സന്ദേശം അയച്ചതായി അമീരീ ദിവാൻ വ്യക്തമാക്കി. രാഷ്ട്രപതി പദവിയിൽ വിജയാശംസ നേർന്ന അമീർ, ഇന്ത്യ-ഖത്തർ ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ കഴിയട്ടെയെന്നും വ്യക്തമാക്കിയിട്ടുണ്ട് .
ഈ കഴിഞ്ഞ തിങ്കളാഴ്ച പാർലമെൻറിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിലാണ് ദ്രൗപദി മുർമു ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. ഇന്ത്യയുടെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ഗോത്രവനിത കൂടിയാണ് 64കാരിയായ ദ്രൗപദി മുർമു.