ബുറൈദ ഈത്തപ്പഴ ഉത്സവത്തിന് നാളെ കൊടിയേറും

ബുറൈദ ഈത്തപ്പഴ ഉത്സവത്തിന് നാളെ കൊടിയേറും.ബുറൈദയിൽ തയാറാക്കിയ സ്ഥിരം മേളനഗരിയിലാണ് കാർഷിക-ജലം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മേഖല ഓഫിസ് മുൻകൈയെടുത്ത് പ്രവിശ്യ ഗവർണറേറ്റിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന 'ഡേറ്റ്സ് ഫെസ്റ്റിവൽ- 2022'.
ബുറൈദ മുനിസിപ്പാലിറ്റിയുടെയും പാചക കലാ അതോറിറ്റിയുടെയും സഹകരണത്തോടെ ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന് ഒരുക്കം പൂർത്തിയായി. അറബ് നാടുകളിൽ പ്രിയങ്കരമായ 'സുക്കരി' ഉൾപ്പെടെ ലോകോത്തര ഈത്തപ്പഴങ്ങൾ മേളയിലെ താരങ്ങളാവും.
ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ വിപണിയാണ് ബുറൈദ. മേള കാണാനും രുചിക്കാനും പ്രിയ ഈത്തപ്പഴങ്ങൾ സ്വന്തമാക്കാനുമായി രാജ്യത്തിന് അകത്തും പുറത്തുംനിന്ന് ആളുകൾ ഒഴുകിയെത്തും. തയാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രാലയം പ്രവിശ്യ ഓഫിസ് ജനറൽ സൂപ്പർവൈസർ എൻജി. സൽമാൻ ബിൻ ജാറുല്ലാഹ് അൽസുവൈൻ അറിയിച്ചു.