സൗദി അറേബ്യയിൽ ഉന്നത ഉദ്യോഗസ്ഥതലത്തിൽ മാറ്റം

സൗദി അറേബ്യയിൽ ഉന്നത ഉദ്യോഗസ്ഥതലത്തിൽ മാറ്റം. നിരവധി ഉദ്യോഗസ്ഥരെയും ഉപദേശകരെയും മാറ്റിയും പുതുമുഖങ്ങളെ നിയമിച്ചും സൽമാൻ രാജാവ് ഉത്തരവിറക്കി. അമീർ അബ്ദുറഹ്മാൻ ബിൻ അയാഫ് അൽമുഖ്‌രിൻ റോയൽ കോർട്ട് ഉപദേശകനായി മന്ത്രി പദവിയോടെ നിയമിച്ചു. മന്ത്രിസഭ സെക്രട്ടറി പദവിൽനിന്നാണ് ഉപദേശകനായി മുഖ്‌രിനെ നിയമിച്ചത്.
ഡോ. ബന്ദർ ബിൻ ഉബൈദ് ബിൻ ഹമുദ് റശീദിനെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ സെക്രട്ടറിയായി മന്ത്രി പദവിയോടെ നിയമിച്ചു. നിലവിലെ ചുമതലകളോടൊപ്പമാണ് പുതിയ നിയമനം. അയ്മൻ ബിൻ മുഹമ്മദ് സഹൂദ് സയാറിയെ സൗദി സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണറായി കാബിനറ്റ് റാങ്കോടെ നിയമിച്ചു. അമീറ ഹയ്ഫാഫ് ബിൻത് മുഹമ്മദ് അൽ അബ്ദുറഹ്മാൻ അൽസഊദിനെ ടൂറിസം ഉപമന്ത്രിയായി നിയമിച്ചു. റുമൈഹ് റമീഹിനെ ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക് വകുപ്പിലെ ഉപമന്ത്രിയായും നിയമിച്ചു.
മന്ത്രിസഭ ഡെപ്യൂട്ടി സെക്രട്ടറിയായി മുഹമ്മദ് അബ്ദുല്ല അൽഅമീലിനെയാണ് നിയമിച്ചത്. ശയ്ഹാന സ്വാലിഹുൽ ഹസാറിനെയും മന്ത്രിസഭ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. മൻസുർ ബിൻ അബ്ദുല്ല ബിൻ സൽമാനെ കിരീടാവകാശിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. അബ്ദുൽ അസീസ് ബിൻ ഇസ്മാഈൽ തറാബുജൂനിയെ റോയൽ കോർട്ട് ഉപദേശകനായും നിയമിച്ചു.