ഗോവയിലെ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; മനോഹർ പരീക്കറിന്റെ മകന് സീറ്റില്ല

ഗോവയിലെ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാക്ലിൻ മണ്ഡലത്തിൽ നിന്നും മത്സരിക്കും. മനോഹർ പരീക്കറിന്റെ മകന് ബിജെപി സീറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പട്ടികയിലില്ല. 34 അംഗ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഇന്ന് പുറത്തിറക്കിയിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് ബാബുഷ് മോൺസെറേറ്റിന് പനാജിയുടെ സ്ഥാനാർത്ഥിത്വം ലഭിച്ചു. ബിജെപിയുടെ 34 സ്ഥാനാർത്ഥികളുടെ പട്ടികയിൽ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒമ്പത് സ്ഥാനാർത്ഥികളുണ്ട്.
പരീക്കറിന്റെ മണ്ഡലമായ പനാജിയിലായിരുന്നു ഉത്പലിന്റെ പ്രതീക്ഷ. എന്നാൽ, മുൻ കോൺഗ്രസ് നേതാവായിരുന്ന അറ്റാനാസിയോ മൊൺസെറേറ്റിന് പനാജി സീറ്റ് ബി.ജെ.പി നൽകുകയായിരുന്നു. പനാജിക്ക് പകരം മറ്റു രണ്ടു സീറ്റുകൾ ഉത്പലിന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഉത്പൽ ഇവ നിരസിച്ചു. സീറ്റ് നിഷേധിച്ചതിന് പിന്നാലെ തന്റെ നിലപാട് ഉടൻ വ്യക്തമാക്കുമെന്ന് മാധ്യമപ്രവർത്തകരെ ഉത്പൽ അറിയിച്ചിട്ടുണ്ട്.