പ്രതിപക്ഷ ബഹളത്തെ തുടർന്നു പാർലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു

ന്യൂഡൽഹി: നിത്യോപയോഗ വസ്തുക്കൾക്ക് ജിഎസ്ടി ചുമത്തിയതിനും വിലക്കയറ്റത്തിനുമെതിരെ നടന്ന പ്രതിപക്ഷ ബഹളത്തെ തുടർന്നു പാർലമെന്റിന്റെ ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു ലോക്സഭ ഒരു മിനിറ്റ് മാത്രമാണ് ചേരാൻ സാധിച്ചത്. രാജ്യസഭ പത്ത് മിനിറ്റോളം ചേർന്നു. പിന്നീട് ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിയുന്നതായി സ്പീക്കർമാർ അറിയിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി സോണിയ ഗാന്ധിയോട് അപമര്യാദയായി പെരുമാറിയെന്നും മന്ത്രി മാപ്പ് പറയണമെന്നും കോണ്‍ഗ്രസും സഭയിൽ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രതിയെ രാഷ്ട്രപത്നി എന്നു വിളിച്ചതിന്റെ പേരിൽ വ്യാഴാഴ്ചയും രാജ്യസഭയും ലോക്സഭയും പ്രക്ഷുബ്ധമായിരുന്നു.