മമത ബാനർജിയുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ ആൾ പിടിയിൽ

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ദക്ഷിണ കൊൽക്കത്തയിലെ കാളിഘട്ട് ഏരിയയിലെ വസതിയിലേക്ക് അതിക്രമിച്ച് കയറിയയാൾ പിടിയിലായി. ഞായറാഴ്ച പുലർച്ചെയാണ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.
ഏതാനും മണിക്കൂർ വീടിന്റെ പരിസരത്ത് തങ്ങിയ ഇയാളെ പിന്നീട് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു. 34 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള മമത ബാനർജിയുടെ വീടിന്റെ മതിൽ ചാടിക്കടന്ന് ഇയാൾ പുലർച്ചെ ഒരു മണിയോടെ അകത്തേക്ക് കടക്കുകയായിരുന്നു.
രാത്രി മുഴുവൻ വീട്ടുമുറ്റത്തെ മൂലയിൽ ഇരുന്ന ഇയാളെ രാവിലെ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അവർ ഉടൻ കാളിഘട്ട് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് തോന്നുന്നതായും ഇയാളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.