വെല്ലൂരിലെ റാഗിങ്; ഏഴുവിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

ചെന്നൈ: റാഗിങ് നടന്നതായുള്ള പരാതിയെ തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ഏഴുവിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു.റാഗിങ് സംബന്ധിച്ച് ലഭിച്ച അജ്ഞാത ഇ-മെയില്‍ സന്ദേശത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തുവെന്ന് സി.എം.സി. ഡയറക്ടര്‍ ഡോ.വിക്രം മാത്യു വ്യക്തമാക്കി.
ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റല്‍ വളപ്പിലൂടെ നടത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് റാഗിങ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നാണ് കോളേജ് അധികൃതര്‍ ആരോപണം നേരിടുന്ന വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചത്. അന്വേഷണം നടത്തുന്ന സമിതി ഏതാനും ദിവസങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് റാഗിങ് വിരുദ്ധ സെല്ലിന് കൈമാറുമെന്നും പിന്നീട് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.