ആസാദി കാ അമൃത് മഹോൽസവി’ന്റെ വിജയം രാജ്യത്തെ ഓരോ പൗരന്റെയും സംഭാവനയാണെന്നു പ്രധാനമന്ത്രി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ‘ആസാദി കാ അമൃത് മഹോൽസവു’മായി ബന്ധപ്പെട്ട ദേശീയ സമിതിയുടെ മൂന്നാം യോഗത്തെ അഭിസംബോധന ചെയ്തു.
ലോക്‌സഭാ സ്പീക്കർ, ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, ആത്മീയനേതാക്കൾ, കലാകാരന്മാർ, ചലച്ചിത്രപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുൾപ്പെടെ ദേശീയ സമിതിയിലെ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. നിരവധി പേർ ഓൺലൈനിലൂടെയും യോഗത്തിൽ പങ്കെടുത്തു. സാംസ്കാരിക സെക്രട്ടറി ഗോവിന്ദ് മോഹൻ ‘ആസാദി കാ അമൃത് മഹോൽസവി’ന്റെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളുടെ അവലോകനം നടത്തി.
2021 മാർച്ച് 12നാണു പ്രധാനമന്ത്രി ‘ആസാദി കാ അമൃത് മഹോൽസവി’നു തുടക്കംകുറിച്ചത്. അതിനുമുമ്പായി 2021 മാർച്ച് 8നാണു ദേശീയസമിതിയുടെ ആദ്യയോഗം ചേർന്നത്. സമിതിയുടെ രണ്ടാമത്തെ യോഗം 2021 ഡിസംബർ 22നു നടന്നു.
‘ആസാദി കാ അമൃത് മഹോൽസവി’ന്റെ വിജയം രാജ്യത്തെ ഓരോ പൗരന്റെയും സംഭാവനയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ആസാദി കാ അമൃത് മഹോൽസവ്’ ജനങ്ങളിലെത്തിക്കുന്നതിനായി ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളിലെ സമിതികൾ രാപ്പകൽ ഭേദമെന്യേ പ്രയത്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ആസാദി കാ അമൃത് മഹോൽസവി’ന്റെ വൈകാരികതലമാണു പ്രചാരണത്തിന്റെ കാതലെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്തു ദൃശ്യമായ ദേശസ്നേഹം അഭൂതപൂർവമായിരുന്നു. അതേ ആവേശം തന്നെയാണു നമ്മുടെ ഇന്നത്തെ തലമുറയിൽ നാം ഉൾക്കൊള്ളിക്കേണ്ടതും രാഷ്ട്രനിർമാണത്തിനായി അതു പരിവർത്തനം ചെയ്യേണ്ടതും- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ‘ആസാദി കാ അമൃത് മഹോൽസവ്’ രാജ്യത്തു തീക്ഷ്ണമായ ദേശസ്നേഹത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും രാഷ്ട്രനിർമാണവുമായി നമ്മുടെ യുവാക്കൾക്കു വൈകാരിക ബന്ധം സ്ഥാപിക്കാനുള്ള സുവർണാവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ പശ്ചാത്തലത്തിൽ, രാജ്യത്തിനുവേണ്ടി സംഭാവന ചെയ്യാനുള്ള അടങ്ങാത്ത അഭിനിവേശം യുവാക്കളിൽ നിറയ്ക്കുന്ന സംസ്കാരികോത്സവമാണ് എകെഎഎം- പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ തലമുറയാണു നാളെയുടെ നേതാക്കളാകുന്നത്. അതിനാൽ ഇന്ത്യ@100ന്റെ സ്വപ്നങ്ങളും ദർശനങ്ങളും സാക്ഷാത്കരിക്കാനുള്ള കടമയും ഉത്തരവാദിത്വവും നാം അവരിൽ വളർത്തിയെടുക്കണം. സാങ്കേതികവിപ്ലവം മാറ്റത്തിന്റെ വേഗത വർധിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തലമുറകളിലൂടെ നേടിയെടുക്കാൻ കഴിഞ്ഞതു പതിറ്റാണ്ടുകൾകൊണ്ടിപ്പോൾ സാധ്യമാക്കാം. നമ്മുടെ രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്കു പഴയ സാങ്കേതിക വിദ്യകളെ ആശ്രയിക്കാനാകില്ല. അതിനാൽ യുവാക്കളുടെ കഴിവു വളർത്തിയെടുക്കണം. വരുംകാലങ്ങളിലെ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ ആവശ്യമായ വൈദഗ്ധ്യം അവർക്ക് ഒരുക്കിക്കൊടുക്കേണ്ടതു പ്രാധാന്യമർഹിക്കുന്നു, അദ്ദേഹം പറഞ്ഞു.