ഹൈക്കോടതി ജാമ്യം നിഷേധിച്ചു; സിദ്ദീഖ് കാപ്പൻ സുപ്രീംകോടതിയിലേക്ക്

അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ സുപ്രീംകോടതിയിലേക്ക്. ലഖ്‌നൗ ബെഞ്ച് ജാമ്യം നിഷേധിച്ചതോടെയാണ് സിദ്ദിഖ് കാപ്പൻ സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഹാത്രസ് ബലാൽസംഗം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലായിരുന്നു യുപി പോലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തതത്. ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ച് 2020 ഒക്ടോബർ അഞ്ചിനായിരുന്നു അറസ്റ്റ്. 22 മാസമായി തടവിലാണ് സിദ്ദിഖ് കാപ്പൻ. യുഎപിഎ ചുമത്തി കേസെടുത്തതോടെ അന്ന് മുതല്‍ ജയിലില്‍ കഴിയുകയാണ്. പിന്നീട് ഉത്തര്‍പ്രദേശ് പോലിസ് രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം, മറ്റ് വകുപ്പുകളും ചുമത്തി. 2021 ജൂലൈയില്‍ കാപ്പന്റെ ജാമ്യാപേക്ഷ മഥുരയിലെ സെഷന്‍സ് കോടതി തള്ളി. 2022 ഫെബ്രുവരി 21ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മറ്റൊരു ജാമ്യാപേക്ഷ സ്വീകരിച്ചിരുന്നു.