ശിവസേനയിലെ ഭിന്നത: ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന്റെ പരാതിയിൽ ഉടൻ തീരുമാനം എടുക്കരുതെന്ന് സുപ്രീംകോടതി

ഡൽഹി: ശിവസേനയിലെ ഭിന്നത സംബന്ധിച്ച ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന്റെ പരാതിയിൽ ഉടൻ തീരുമാനം എടുക്കരുതെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര നിയമസഭയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുന്ന മൂന്നംഗ ബെഞ്ച് വിഷയം ഭരണ ഘടനാ ബെഞ്ചിന് വിടുന്ന കാര്യത്തിൽ ആഗസ്റ്റ് 8നകം തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ വാക്കാൽ അറിയിച്ചു.
അത് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തര നടപടി സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.യഥാർത്ഥ ശിവസേനയായി തങ്ങളെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് ഏക‌്നാഥ് ഷിൻഡെ വിഭാഗം സമർപ്പിച്ച ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന് അവരുടെ നിലപാട് ഫയൽ ചെയ്യാൻ സാവകാശം നൽകാമെന്ന് ഉത്തരവിൽ പറയുന്നു.