പുൽവാമ രക്തസാക്ഷികളെ അനുസ്മരിച്ച് രാജ്യം

ലെത്പോറ/ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് രാജ്യത്തിന്റെ ആദരം. മൂന്നു വർഷം മുമ്പ് ജമ്മു-കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ 40 ജവാന്മാരുടെ ഓർമ പുതുക്കി സി.ആർ.പി.എഫ് അനുസ്മരണ ചടങ്ങ് നടത്തി. അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ ധീരതയും പരമമായ ത്യാഗവും രാജ്യത്തിന്റെ നേട്ടത്തിനായി പ്രവർത്തിക്കാൻ ഓരോ ഇന്ത്യക്കാരനെയും പ്രേരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
സൈനികരുടെ ത്യാഗത്തിനു മുന്നിൽ രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഭീകരവാദത്തിനെതിരേ പൊരുതാൻ എന്നും പ്രചോദനമാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും ചോദ്യങ്ങൾക്ക് മറുപടി നല്കാതിരിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരെ രാജ്യത്തിനു മറക്കാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു. പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക് വെറും ദുഃഖാചരണമല്ല ആവശ്യം. സൈനിക സംവിധാനത്തിന് എന്തു പിഴവാണ് സംഭവിച്ചതെന്നും ആരാണ് ഇതിന് ഉത്തരവാദിയെന്നും ഇനി മുതൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നുമാണ് അറിയേണ്ടതെന്ന് കോണ്ഗ്രസ് നേതാവ് ശശി തരൂർ ട്വീറ്റ് ചെയ്തു.
ശ്രീനഗറിൽനിന്ന് 25 കിലോമീറ്റർ അകലെ പുൽവാമയിലെ സ്മാരകത്തിൽ സി.ആർ.പി.എഫ് അഡീഷനൽ ഡയറക്ടർ ജനറൽ ഡി.എസ്. ചൗധരി പുഷ്പചക്രം അർപ്പിച്ചു. 40 സഹപ്രവർത്തകരുടെ വിയോഗം തങ്ങളുടെ മനോവീര്യം തകർത്തിട്ടില്ലെന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.