പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ഓഗസ്‌റ്റ് 12 വരെ

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ഓഗസ്‌റ്റ് 12 വരെ നടക്കുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. ലോക്‌സഭയും രാജ്യസഭയും ജൂലൈ 18 മുതല്‍ യോഗം ചേരും. 18 സിറ്റിങ്ങുകള്‍ ഉണ്ടാകും. 2022 ലെ ശീതകാല സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്നേക്കാമെന്ന് ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ള സൂചന നല്‍കിയിരുന്നു. അങ്ങനെയെങ്കിൽ ഇത്തവണ നടക്കുന്നത് നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമാകാനും സാധ്യതയുണ്ട്.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് പുറമെ ഉപരാഷ്‌ട്രപതി സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും ഈ സമ്മേളനത്തില്‍ നടക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്‌ട്രപതിയുടെ കാലാവധി ഓഗസ്‌റ്റ് 10ന് അവസാനിക്കുന്ന പശ്‌ചാത്തലത്തിലാണിത്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂലൈ 21ന് നടക്കും. ജൂലൈ 25ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പുതിയ രാഷ്‌ട്രപതിയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപരാഷ്‌ട്രപതി സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 6ന് നടക്കും. ഓഗസ്‌റ്റ് 11ന് സ്‌ഥാനമേല്‍ക്കും.