അഖ്‌ലാഖ് കേസ്: നിരോധനാജ്ഞ ലംഘിച്ച മുന്‍ ബി.ജെ.പി എം.എല്‍.എ കുറ്റക്കാരന്‍

നോയിഡ: മുഹമ്മദ് അഖ്‌ലാഖിനെ ആള്‍കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിരോധനാജ്ഞ ലംഘിച്ച കേസില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ സംഗീത് സോം കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചു.സോമിന് കോടതി 800 രൂപ പിഴ ചുമത്തി. അഖ്‌ലാഖ് കൊല്ലപ്പെട്ടതിന് ശേഷമുള്ള ദിവസങ്ങളില്‍ ദാദ്രിയിലെ ബിസാദ ഗ്രാമത്തില്‍ നടന്ന സമ്മേളനത്തിനിടെ സംഗീത് സോം നിരോധനാജ്ഞ ലംഘിച്ചെന്നാണ് കേസ്.
ഐ.പി.സി സെക്ഷന്‍ 188 പ്രകാരം 2015 ഒക്ടോബര്‍ 4ന് ജാര്‍ച്ച പൊലീസ് ഫയല്‍ ചെയ്ത കേസിലാണ് പ്രാദേശിക കോടതിയുടെ വിധി. ബീഫ് സൂക്ഷിച്ചെന്നും കഴിച്ചെന്നും ആരോപിച്ച് ജനക്കൂട്ടം അഖ്‌ലാഖിനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ബിസാദയില്‍ സി.ആര്‍.പി.സി 144-ാം വകുപ്പ് പ്രകാരം 2015 സെപ്തംബര്‍ 28നായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
എന്നാല്‍, സംഗീത് സോമിന്‍റെ നേതൃത്വത്തില്‍ അഞ്ഞൂറോളം വരുന്ന ജനകൂട്ടം ഗ്രാമത്തില്‍ ഒത്തുകൂടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഗ്രാമത്തിലെ ക്രമസമാധാന നില നിലനിര്‍ത്താനുള്ള ഉത്തരവുകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് കേസെടുത്തതെന്ന് സീനിയര്‍ പ്രോസിക്യൂട്ടിംങ് ഓഫിസര്‍ ഛവി രഞ്ജന്‍ ദ്വിവേദി വ്യക്തമാക്കി.