രാജ്യത്ത് 16,159 പേർക്കുകൂടി കോവിഡ്

രാജ്യത്ത് 24 മണിക്കൂറിൽ 16,159 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേർ മരിച്ചു. 1,15,212 പേർ ചികിത്സയിലുണ്ട്. 2.90 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്.
അതേസമയം കോവിഡ് വാക്സിൻ രണ്ടാം ഡോസും കരുതൽ ഡോസും തമ്മിലുള്ള ഇടവേള കേന്ദ്ര ആരോഗ്യമന്ത്രാലയം ഒമ്പതിൽനിന്ന് ആറുമാസമായി കുറച്ചു.ശാസ്ത്രീയതെളിവുകളുടെയും ആഗോളതലത്തിൽ പിന്തുടരുന്ന രീതിയുടെയും അടിസ്ഥാനത്തിലാണിത്. രണ്ടാം ഡോസും കരുതൽ ഡോസും തമ്മിലുള്ള ഇടവേള കുറയ്ക്കണമെന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി ശുപാർശ ചെയ്തിരുന്നു.
18 വയസ്സുമുതൽ 59 വയസ്സുവരെയുള്ളവർക്ക് രണ്ടാംഡോസെടുത്ത് ആറുമാസം കഴിഞ്ഞെങ്കിൽ ഇനി സ്വകാര്യവാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്ന് ബൂസ്റ്റർ ഡോസെടുക്കാം. 60 വയസ്സു മുതലുള്ളവർക്കും ആരോഗ്യ, മുൻനിര പ്രവർത്തകർക്കും സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്നും സൗജന്യമായി കുത്തിവെപ്പെടുക്കാം.