എല്ലാ അങ്കണവാടികളിലും കുമാരി ക്ലബ്ബുകൾ

എല്ലാ അങ്കണവാടികളിലും കുമാരി ക്ലബ്ബുകൾ

 
32

വനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലുകളും മാർച്ച് എട്ടിനുള്ളിൽ തീർപ്പാക്കുകയോ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വനിതാശിശു വികസന വകുപ്പും അതിന് കീഴിൽ വരുന്ന അനുബന്ധ സ്ഥാപനങ്ങളും പ്രധാനമായും നിർവഹിക്കുന്ന ജോലിയും പദ്ധതി പ്രവർത്തനവുമെല്ലാം സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ്. അതിനാൽ ഈ ഫയലുകളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കണം.

വകുപ്പിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിലും, ഡയറക്ടറേറ്റ്, സെക്രട്ടേറിയറ്റ്, കീഴ്കാര്യാലയങ്ങൾ എന്നിവടങ്ങളിൽ അന്തിമ തീരുമാനം എടുക്കാതെ ഇനിയും തീർപ്പാക്കാനായി ശേഷിക്കുന്ന ഇത്തരം മുഴുവൻ ഫയലുകളും ജനുവരിയിൽ തുടങ്ങി അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് മുമ്പ് പൂർത്തീകരിക്കത്തക്കവിധം സത്വര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ ബാലികാദിനം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കൗമാര പ്രായക്കാരായ പെൺകുട്ടികളുടെ ശാരീരികവും, മാനസികവുമായ ശാക്തീകരണം ലക്ഷ്യം വച്ചുള്ള സംസ്ഥാനത്തെ 33,115 അങ്കണവാടികളിലും കുമാരി ക്ലബുകൾ സജ്ജമാക്കും. നിലവിലെ കുമാരി ക്ലബുകളെ വർണ്ണക്കൂട്ട് എന്ന പേരിൽ പുനർനാമകരണം ചെയ്ത് പുനരുജ്ജീവിപ്പിക്കും. കൗമാരപ്രായക്കാർക്ക് ന്യൂട്രീഷൻ ചെക്കപ്പ്, സെൽഫ് ഡിഫൻസ്, ലൈഫ് സ്‌കിൽ പരിശീലനം എന്നിവ ഘട്ടം ഘട്ടമായി നൽകും.

വിവിധതരം അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസിലിംഗ്, വൈദ്യ സഹായം, സൗജന്യ നിയമ സഹായം, താല്ക്കാലിക അഭയം, പുനരധിവാസം എന്നിവ ലഭ്യമാക്കി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കും. ഇതിനായി എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഐസിഡിഎസ് സൂപ്പർവൈസർമാർ, പഞ്ചായത്ത്/സെക്ടർ തലത്തിൽ നടത്തുന്ന ഹിയറിങ് (വനിത സഹായ കേന്ദ്രം) സംവിധാനം ജനപങ്കാളിത്തത്തോടെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, മുൻ ജെൻഡർ അഡൈ്വസർ ഡോ. ടി.കെ. ആനന്ദി, ഡോ. കൗശിക് ഗാംഗുലി, യൂണിസെഫ് ചൈൽഡ് & ഹെൽത്ത്       സ്പെഷ്യലിസ്റ്റ് കേരള, തമിഴ്നാട് റീജിയൻ എന്നിവർ പങ്കെടുത്തു. കൗമാരക്കാരും കോവിഡ് വാക്സിനും എന്ന വിഷയത്തിൽ ഡോ. എലിസബത്ത് വിഷയാവതരണം നടത്തി. ബാലനിധിയുടെ പ്രൊമോഷൻ സോഷ്യൽ മീഡിയ വഴി ശക്തമാക്കുന്നതിന് കെ.എസ്. ചിത്ര അഭിനയിച്ച ലഘു ചിത്രം മന്ത്രി പ്രകാശനം ചെയ്തു.

From around the web

Special News
Trending Videos