ഇനി എല്ലാവർക്കും വോട്ടവകാശം; എസ്എൻഡിപിയിലെ തെരഞ്ഞെടുപ്പു രീതി ഹൈക്കോടതി റദ്ദാക്കി

ഇനി എല്ലാവർക്കും വോട്ടവകാശം; എസ്എൻഡിപിയിലെ തെരഞ്ഞെടുപ്പു രീതി ഹൈക്കോടതി റദ്ദാക്കി

 
32

കൊച്ചി: എസ്എൻഡിപി യോഗത്തിൽ നിലനിൽക്കുന്ന തെരഞ്ഞെടുപ്പു രീതി ഹൈക്കോടതി റദ്ദാക്കി. എല്ലാ അംഗങ്ങള്‍ക്കും ഇനി മുതല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടായിരിക്കും. ഫെബ്രുവരി അഞ്ചിന് യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി. പ്രാതിനിധ്യ വോട്ടവകാശരീതിയാണ് റദ്ദാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഹൈക്കോടതി പുറപ്പെടുവിച്ച വിധി ദൂരവ്യാപക ഫലം ഉളവാക്കുന്നതാണ്. അതുപോലെ 1999ലെ ബൈലോ ഭേദഗതിയും കോടതി റദ്ദാക്കി.

നിലവില്‍ എസ്എന്‍ഡിപിയിലെ വോട്ട് രീതി 200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു. അതായത് ഓരോ 200 അംഗങ്ങള്‍ക്കും ഒരു വോട്ട്. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.  ഇത്തരത്തില്‍ ഏകദേശം പതിനായിരത്തോളം വോട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ രീതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ചില ഹര്‍ജികള്‍ കോടതിക്ക് മുന്നിലുണ്ടായിരുന്നു. ഈ ഹര്‍ജികള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്. മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. 

കാൽ നൂറ്റാണ്ടായി എസ്എൻഡിപി ഭാരവാഹിത്വത്തിൽ തുടരുന്ന വെള്ളാപ്പള്ളി നടേശന്‍റെ എതിർചേരിയിലുള്ളവർ നടത്തിയ നിയമപോരാട്ടമാണ് ഇപ്പോൾ എസ്എൻഡിപിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ അടിമുടി മാറ്റുന്ന തരത്തിലുള്ള വിധിയിലേക്കു കാര്യങ്ങൾ എത്തിച്ചിരുന്നത്. കമ്പനി നിയമം അനുസരിച്ച് 1974ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രത്യേക ഇളവും ബൈലോ ഭേദഗതിയും കോടതി റദ്ദാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള 1999ലെ ബൈലോ ഭേദഗതിയും റദ്ദാക്കി. കോടതി വിധി അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

From around the web

Special News
Trending Videos