കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക പ്രഥമ ലക്ഷ്യം: മന്ത്രി

കേരളത്തിൽ മുഴുവൻ ആളുകൾക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. കോട്ടയം വാഴൂർ 110 കെ.വി. സബ് സ്റ്റേഷൻ നിർമാണോദ്്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നു വില കൊടുത്തു വാങ്ങുകയാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി കാറ്റ്, സൗരോർജ്ജം എന്നിവ ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തിൽ വർധനവുണ്ടാക്കാനായി. പ്രസരണനഷ്ടം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സബ്സ്റ്റേഷനുകൾ കൂടുതലായി അനുവദിക്കുന്നത്. വാഴൂർ പദ്ധതി ഒരു വർഷത്തിനകം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിക്കായി പാമ്പാടി കാഞ്ഞിരപ്പള്ളി 110 കെ വി റൂട്ടിൽ ലൈനിനു താഴെയായി ഒരേക്കർ ഇരുപത്തേഴര സെന്റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ 12.5 എം വി എ ശേഷിയുള്ള രണ്ടു ട്രാൻസ്ഫോർമറുകൾ ഉൾപ്പെട്ട 110 കെവി സബ് സ്റ്റേഷൻ നിർമിക്കാൻ 15.2 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതിയുടെ പൂർത്തീകരിക്കുന്നതിലൂടെ പാമ്പാടി, പൊൻകുന്നം, പത്തനാട്, പള്ളിക്കത്തോട് എന്നിവിടങ്ങളിൽ മെച്ചപ്പെട്ട വൈദ്യുതി വിതരണം ലഭ്യമാകും.
വാഴൂർ കൊച്ചുകാഞ്ഞിരപ്പാറയിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷത വഹിച്ചു. ട്രാൻസ്മിഷൻ സൗത്ത് ചീഫ് എൻജിനീയർ മേരി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.