സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വെ നടപടികൾ നാല് വർഷം കൊണ്ട് പൂർത്തിയാക്കും: മന്ത്രി എം വി ഗോവിന്ദൻ

സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വെ  നടപടികൾ നാല് വർഷം കൊണ്ട് പൂർത്തിയാക്കും: മന്ത്രി എം വി ഗോവിന്ദൻ

 
36

നാല് ഘട്ടങ്ങളിലായി നാല് വർഷം കൊണ്ട് സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വെ നടപടികൾ പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. ജില്ലാതല ഡിജിറ്റൽ റീ-സർവ്വെ ശിൽപശാല ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് 1550 വില്ലേജുകളിലാണ് ഡിജിറ്റൽ സർവ്വെ പൂർത്തിയാകുന്നത്. ഇതിൽ 89 വില്ലേജുകളിലെ ഡിജിറ്റൽ സർവ്വെ  പൂർത്തിയായി. 27 വില്ലേജുകളിൽ നടപടികൾ  പുരോഗമിക്കുകയാണ്.  ജനകീയ പങ്കാളിത്തത്തോടെ ജനകീയമായി പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ശ്രമം. ഇതിനായി ജില്ലാ തലം മുതൽ പ്രാദേശിക തലം വരെ ജനകീയ കമ്മിറ്റികൾക്ക് രൂപം നൽകും.  കാലതാമസം കൂടാതെ സുതാര്യമായും കൂടുതൽ കാര്യക്ഷമമായും നടപടികൾ പൂർത്തിയാക്കുമെന്നും സാങ്കേതിക രംഗത്തെ മുന്നേറ്റത്തെ ഭരണരംഗത്തും പൊതുജനങ്ങളുടെ ഉന്നമനത്തിനും വേണ്ടി ഫലപ്രദമായി ഉപയോഗിക്കുക എന്ന കാഴ്ചപ്പാടാണ് സർക്കാരിന്റേതെന്നും മന്ത്രി കൂട്ടിചേർത്തു. 

ഡിജിറ്റലായി കേരളത്തെ അളക്കാനുള്ള മിഷനാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യമായും വേഗത്തിലും നടപടികൾ പൂർത്തിയാക്കും. നാല് വർഷത്തിനുള്ളിൽ ഡ്രോൺ സർവ്വെ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവ്വെയിലൂടെ ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാകും. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന സർക്കാർ നയം  നടപ്പിലാക്കണമെങ്കിൽ കേരളത്തെ സത്യ സന്ധമായി അളക്കണം. റീസർവ്വെ നടപടികളിലൂടെ ഇത് സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ശിൽപശാലയിലൂടെ തദ്ദേശ സ്ഥാപന പ്രതിനിധികൾക്ക് വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാനാകും. തടസ രഹിതമായി പദ്ധതി നടപ്പിലാക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്.  ഗ്രാമതലത്തിൽ  സർവ്വെ സഭകൾ ആരംഭിക്കുമെന്നും പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി ടോൾ ഫ്രീ നമ്പർ സംവിധാനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂമിയുടെ അതിരുകൾ തിട്ടപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾ കേരളത്തിന്റെ മുന്നോട്ട് പോക്കിന് അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.  ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു മന്ത്രി.

ഡിജിറ്റൽ റീ-സർവ്വെ സംബന്ധിച്ച് ജനപ്രതിനിധികൾക്കും പൊതുജനത്തിനും  അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ നഗരസഭ, കൗൺസിലർമാർ എന്നിവർക്കായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ചടങ്ങിൽ  സർവ്വെ ആൻഡ് ലാന്റ് റെക്കോർഡ്സ് ഡയറക്ടർ ശ്രീറാം സാംബശിവ റാവു വിഷയാവതരണം നടത്തി.  ജില്ലയിലെ എം എൽ എ മാർ, ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, മേയർ എം കെ വർഗ്ഗീസ്,  ജില്ലാ കലക്ടർ ഹരിത വി കുമാർ, ലാന്റ് റവന്യൂ കമ്മീഷണർ കെ ബിജു എന്നിവർ പങ്കെടുത്തു.

From around the web

Special News
Trending Videos