ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സ്പോർട്ടിങ് ഗ്രൗണ്ട് നാടിനു സമർപ്പിച്ചു

 ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സ്പോർട്ടിങ് ഗ്രൗണ്ട് നാടിനു സമർപ്പിച്ചു

 
9

 കുറവിലങ്ങാട്ടെ ആദ്യ പൊതു കളിസ്ഥലം നസ്രത്തുഹില്ലിൽ യാഥാർഥ്യമായി. ഉഴവൂർ ബ്ലോക്കു പഞ്ചായത്തിന്റെ 2021-22, 2022-23 വർഷങ്ങളിലെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഒൻപതു ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിച്ച നസ്രത്തുഹിൽ സ്പോർട്ടിങ് ഗ്രൗണ്ട് തോമസ് ചാഴികാടൻ എം.പി. നാടിനു സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ബൈജു പുതിയിടത്തുചാലിൽ അധ്യക്ഷത വഹിച്ചു.
ഡിപോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനോട് ചേർന്ന് ബ്ലോക്കുപഞ്ചായത്തു വക സ്ഥലത്താണ് കളിസ്ഥലം നിർമ്മിച്ചിരിക്കുന്നത്. നസ്രത്തുഹിൽ സ്പോർട്ടിങ് ക്ലബ്ബിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. യുവജനക്ഷേമബോർഡിന്റെ അഫിലിയേഷൻ ഉള്ള നസ്രത്തുഹിൽ സ്പോർട്ടിങ് ക്ലബ് മൈതാനത്തിന്റെ പരിപാലനവും നടത്തിപ്പും നിർവഹിക്കും.

ചടങ്ങിൽ മുഖ്യാതിഥിയായ ഒളിമ്പ്യൻ മനോജ്‌ലാലിനെ യോഗം ആദരിച്ചു. കായികതാരങ്ങളുടെ ജേഴ്‌സിയുടെ പ്രകാശനം സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. പി.ജെ. സിറിയക് പൈനാപ്പള്ളിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജോർജ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തു വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സി. കുര്യൻ, പഞ്ചായത്തംഗങ്ങളായ ജോൺസൻ പുളിക്കീൽ, കൊച്ചുറാണി സെബാസ്റ്റ്യൻ, സ്മിത അലക്സ്, പഞ്ചായത്തംഗങ്ങളായ അൽഫോസ് ജോസഫ്, വിനു കുര്യൻ, ഡാർലി ജോജി, കമലാസനൻ ഇ.കെ., ലതിക സാജു, ബിജു പുഞ്ചായിൽ, ബേബി തൊണ്ടാൻകുഴിയിൽ, ടെസി സജീവ്, എം.എം. ജോസഫ്, ഫാ. ക്ലെമന്റ് കുടകല്ലിൽ, വിവിധ രാഷ്ട്രീയ- സാമൂഹിക സംഘടനാപ്രതിനിധികളായ ഷാജി ഏബ്രാഹം ചിറ്റക്കാട്ട്, സനോജ് മിറ്റത്താനി, പി.ഒ .വർക്കി ,സ്പോർട്ടിങ് ക്ലബ്ബിന്റെ പ്രസിഡന്റ് കെ. സനീഷ്‌കുമാർ, സെക്രട്ടറി ജോഷി വെണ്മേനിക്കട്ടയിൽ, ബിനീഷ് ജോർജ്, മനു അലക്സ് എന്നിവർ പങ്കെടുത്തു.

വൈകുന്നേരങ്ങളിലും രാത്രിയിലും കായികാവശ്യങ്ങൾക്കുപയോഗിക്കുന്നതിനായി ഫ്ളഡ്‌ലൈറ്റ് സംവിധാനവും ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്. ഫ്ളഡ്‌ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. വൈകുന്നേരം നാലു മുതൽ ആറുവരെ വിദ്യാർഥികൾക്കായും ആറുമുതൽ എട്ടുവരെ യുവജനങ്ങൾക്കായും എട്ടു മണിമുതൽ മുതിർന്നവർക്കായും ഗ്രൗണ്ട് പ്രയോജനപ്പെടുന്ന വിധത്തിലാണു ക്രമീകരണം.

From around the web

Special News
Trending Videos