കേരളത്തിൽ മാരിടൈം ക്ലസ്റ്ററിന് നോർവെ സഹായ വാഗ്ദാനം ലഭിച്ചു: മുഖ്യമന്ത്രി

 

കേരളത്തിൽ മാരിടൈം ക്ലസ്റ്ററിന് നോർവെ സഹായ വാഗ്ദാനം ലഭിച്ചു: മുഖ്യമന്ത്രി

 
39
 

കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാനും നോർവേയുടെ സഹായവാഗ്ദാനം ലഭിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ്സ് സ്‌കെജറൻ ഇത് സംബന്ധിച്ച് വ്യക്തമായ ഉറപ്പുകൾ നൽകി. ഫിഷറീസ് രംഗത്തെ വൻ ശക്തികളിലൊന്നായ നോർവെയുമായി സഹകരണം ശക്തമാക്കാൻ നടത്തിയ ചർച്ചകൾ കേരളത്തിന്റെ മത്സ്യമേഖലയ്ക്ക് കുതിപ്പ് നൽകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നോർവെയുടെ മാരിടൈം തലസ്ഥാനമായ ബെർഗൻ നഗരത്തിൽ നടന്ന ബിസിനസ് മീറ്റിൽ മാരിടൈം വ്യവസായ രംഗത്തെ പുതിയ അനേകം സാധ്യതകളാണ് ഉരുത്തിരിഞ്ഞത്.

1953ൽ നീണ്ടകരയിൽ ആരംഭിച്ച നോർവീജിയൻ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. 1961ൽ പദ്ധതി എറണാകുളത്തേക്ക് മാറ്റി. എറണാകുളത്ത് ഒരു ഐസ്പ്ലാൻറും മത്സ്യബന്ധന യാനങ്ങൾക്കുള്ള സ്ലിപ്പ് വേയോടു കൂടിയ വർക്ക്ഷോപ്പും സ്ഥാപിച്ചത് പദ്ധതിയുടെ ഭാഗമായാണ്. പദ്ധതി നടപ്പാക്കിയതോടെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിൽ കേരളം അതിവേഗം വളരുകയും കടൽ മത്സ്യ ഉൽപ്പാദനം വർഷം തോറും വർധിക്കുകയും ചെയ്തു. ഈ നേട്ടം പുതിയ സാങ്കേതികവിദ്യകളുടെയും സമീപനങ്ങളുടെയും സഹായത്തോടെ കൂടുതൽ വിപുലമാക്കാൻ നോർവെയുമായുള്ള സഹകരണം കൊണ്ട് സാധ്യമാകും.

ഫിഷ് ന്യൂട്രിഷനിലും ഫീഡ് റിസർച്ച് ആൻഡ് ഹെൽത്ത് മാനേജ്മെൻറിലും കേരളത്തെ സഹായിക്കാമെന്ന ഉറപ്പ് നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ റിസർച്ചിൽ നിന്നും ലഭിക്കുകയുണ്ടായി. മറൈൻ കേജ് കൾച്ചർ, കപ്പാസിറ്റി ബിൽഡിങ് എന്നിവയിൽ നോർവീജിയൻ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിലെ കുഫോസുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. സ്റ്റുഡൻറ് ആൻഡ് ഫാക്കൽട്ടി എക്സ്ചേഞ്ച്, കേജ് ഫാർമിങ് വഴിയുള്ള ഓഫ് ഷോർ അക്വാകൾച്ചർ, കയറ്റുമതിക്കുള്ള പുനഃചംക്രമണ മത്സ്യ കൃഷി തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിനും തൊഴിൽ സാധ്യതകൾക്കും കൂടുതൽ സഹകരണം ഉറപ്പുവരുത്താൻ തീരുമാനിച്ചു. നോർദ് യൂണിവേഴ്സിറ്റി കുഫോസ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷണ പരിശീലനം നൽകാൻ താല്പര്യം അറിയിച്ചു.

ലോക സമാധാന സമ്മേളനം വിളിച്ചുചേർക്കാനുള്ള കേരള സർക്കാരിന്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് ഗ്ലോബൽ പീസ് സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ കെജെർസ്റ്റി ഫ്ലോഗ്സ്റ്റാഡ് കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, വയനാട് തുരങ്കപാത നിർമ്മാണം, തീരശോഷണം തടയൽ എന്നീ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപര്യം പ്രകടിപ്പിച്ചതാണ് മറ്റൊരു നേട്ടം. നോർവ്വേയിൽ തുരങ്കപാതകൾ ഒട്ടേറെയാണ്. പരിസ്ഥിതിയെയും ആവാസ വ്യവസ്ഥകളെയും പരിക്കേൽപ്പിക്കാതെ തുരങ്കപാതകൾ നിർമ്മിച്ച് സുഗമമായ ഗതാഗതം സാധ്യമാക്കുന്ന നോർവ്വേ മാതൃകയിൽ കേരളത്തിന് അനുകരിക്കാവുന്നതുണ്ടെന്നാണ് യാത്രാനുഭവത്തിൽനിന്ന് ബോധ്യമായത്.

ഇന്ത്യൻ റെയിൽവേക്ക് തുരങ്കപ്പാത നിർമ്മാണത്തിൽ നോർവേയുടെ സാങ്കേതിക സഹകരണം ലഭിക്കുന്നുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളിൽ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിജയകരമായി നടപ്പിലാക്കുന്നുണ്ട്. തീരശോഷണത്തിന്റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാർഗ്ഗങ്ങൾ ഇവർ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിൽ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പദ്ധതികൾ കേരളത്തിനു സഹായകരമാകും. കേരള സംഘത്തിന്റെ അഭ്യർത്ഥന പരിഗണിച്ച് വിവിധ മേഖലകളിലെ വിദഗ്ദരുടെ സംഘത്തെ അയക്കാമെന്ന് നോർവെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ധൻ ഡൊമനിക് ലെയ്ൻ ഉറപ്പു നൽകുകയുണ്ടായി. പ്രളയ മാപ്പിങ്ങിൽ ആവശ്യമായ സാങ്കേതിക ഉപദേശം നൽകാമെന്നും ഇവർ വ്യക്തമാക്കി. വിദഗ്ധരുടെ കേരള സന്ദർശനത്തിനു ശേഷം സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി യോജിച്ചു പ്രവർത്തിക്കുന്ന കാര്യം കൂടി പരിഗണിക്കാമെന്നും അവർ അറിയിച്ചു.

ഓസ്ലോയിൽ നടത്തിയ ഇൻവെസ്റ്റേഴ്സ് റൗണ്ട് ടേബിളിൽ നാല് നോർവീജിയൻ കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താനുള്ള താല്പര്യം പ്രകടിപ്പിച്ചു. ഹൈഡ്രജൻ പ്രൊ, ടോമ്ര, കാമ്പി ഗ്രൂപ്പ്, ഓർക്ക്ലെ എന്നിവയാണ് അവ.

കേരളത്തിൽ ഭക്ഷ്യ സംസ്‌കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർ നിക്ഷേപം നടത്തുമെന്നാണ് പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്ക്ലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സിഇഒ ആറ്റ്ലെ വിഡർ ഉറപ്പു നൽകിയത്. ഭക്ഷ്യ സംസ്‌കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏർപ്പെടുത്തുന്നതിനും ഓർക്ക്ലെയുടെ സന്നദ്ധതയും അറിയിച്ചു. റിന്യൂവബിൾ എനർജി രംഗത്തും നിക്ഷേപം നടത്താൻ ഓർക്ക്ലെ ആലോചിക്കുന്നുണ്ടെന്ന് ചർച്ചയിൽ അവർ സൂചിപ്പിച്ചു.

കൊച്ചിയെ ലോകത്തെ പ്രധാന മാരിടൈം ഹബുകളിലൊന്നാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. കൊച്ചിയിൽ ആരംഭിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ അസ്‌കോ മാരിടൈം താൽപര്യം പ്രകടിപ്പിച്ചു.

കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാനും നിക്ഷേപം നൽകാനും തയ്യാറായി നോർവ്വേയിലെ മലയാളി സമൂഹം മുന്നോട്ടു വന്നിട്ടുണ്ട്. നോർവ്വേയിലെ മലയാളി കൂട്ടായ്മയായ 'നൻമയുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്ത പലരും ഈ താല്പര്യം പ്രകടിപ്പിച്ചു. മികച്ച സംരഭകത്വ അവസരങ്ങൾ അവർക്കായി സർക്കാർ കേരളത്തിലൊരുക്കും.

വിക്രാന്തിന് ആവശ്യമായ കാബിനുകളും സ്റ്റീൽ ഫർണിച്ചറുകളും നിർമിച്ചു നൽകിയ മരിനോർ കേരളത്തിൽ ഫാക്ടറി ആരംഭിക്കുന്നത് പരിഗണിക്കും എന്നറിയിച്ചു. ഏഷ്യൻ മേഖലയിലെ ആവശ്യത്തിനുള്ള ഉത്പാദനം കേരളത്തിൽ നടത്താൻ കഴിയുമോയെന്നാണ് അവർ നോക്കുന്നത്. ജനുവരിയിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന നോർവ്വീജിയൻ സംരംഭകരുടെ സംഗമത്തിൽ പങ്കെടുക്കുമെന്ന് മരിനോർ വ്യക്തമാക്കി.

കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രമുഖ ഇലക്ട്രിക് ബാറ്ററി നിർമ്മിതാക്കളായ കോർവസ് എനർജി മുന്നോട്ടുവന്നിട്ടുണ്ട്. മാരിടൈം ഇലക്ട്രിക്ക് ബാറ്ററി നിർമ്മാണ രംഗത്തെ പ്രമുഖരായ കോർവസ് എനർജി കേരളത്തിലെ വൈദ്യുതി അധിഷ്ഠിത ജലഗതാഗതരംഗത്തെ സാധ്യതകളിൽ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ നിർദ്ദിഷ്ട സുസ്ഥിര മാരിടൈം ടെക്നോളജി ഹബ്ബിലൂടെ കമ്പനി കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. നോർവേയ്ക്ക് സമാനമായ രീതിയിൽ കേരളത്തിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കും മറ്റ് രാജ്യങ്ങളിലെ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാവശ്യമായ പദ്ധതികളും തയ്യാറാക്കും. കേന്ദ്ര, കേരള സർക്കാരുകളുടെയും മറ്റ് ഗവേഷണസ്ഥാപനങ്ങളുടെയും ഫെല്ലോഷിപ്പുകളെക്കുറിച്ചും സ്‌കോളർഷിപ്പുകളെക്കുറിച്ചും വിശദീകരിക്കുന്നതും എല്ലാവർക്കും പ്രാപ്യമാവുന്നതുമായ ഒരു ഇൻഫർമേഷൻ സിസ്റ്റം രൂപീകരിക്കും. ഗവേഷക വിദ്യാർത്ഥികൾക്കായി മുഖ്യമന്ത്രിയുടെ ഫെല്ലോഷിപ്പ് ഇപ്പോൾ കേരളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അവയോടൊപ്പം ഈ കാര്യങ്ങൾ കൂടി പരിഗണിക്കും. നോർവ്വേയിൽ നിന്ന് നമുക്ക് പഠിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. അവിടത്തെ വയോജന പരിചരണവും സഹായങ്ങളും എടുത്തുപറയേണ്ടതാണ്. മറ്റൊരു കാര്യം ശ്രദ്ധയിൽപെട്ടത് ആ രാജ്യത്ത് കുപ്പിവെള്ളക്കച്ചവടം കണ്ടില്ല എന്നതാണ്. ഏത് ജലാശയത്തിൽ നിന്നും നേരിട്ട് എടുത്ത് കുടിക്കാനാവുന്നത്ര ശുദ്ധമാണ് വെള്ളം. ശുദ്ധജലത്താൽ സമൃദ്ധമാണ് നമ്മുടെ കേരളം. നമുക്കും നോർവ്വേ മാതൃക അനുകരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

From around the web

Special News
Trending Videos