നേമം റെയിൽവേ ടെർമിനൽ പദ്ധതി പുനഃസ്ഥാപിക്കണം: മന്ത്രിമാർ

 നേമം റെയിൽവേ ടെർമിനൽ പദ്ധതി പുനഃസ്ഥാപിക്കണം: മന്ത്രിമാർ

 
31
 

നേമം റെയിൽവേ കോച്ച് ടെർമിനൽ പദ്ധതി പുനഃസ്ഥാപിക്കണമെന്നു മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മന്ത്രിമാർ പറഞ്ഞു.

തിരുവനന്തപുരം സെൻട്രലിലെ തിരക്കു കുറയ്ക്കുന്നതിനുവേണ്ടി ഒരു സാറ്റലൈറ്റ് ടെർമിനൽ (ഉപഗ്രഹ സ്റ്റേഷൻ) ആയാണു നേമം ടെർമിനൽ വിഭാവനം ചെയ്തതെന്നു മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെൻട്രലിലും കൊച്ചുവേളിയിലുമുള്ള പ്ലാറ്റ്ഫോം സൗകര്യങ്ങൾ അപര്യാപ്തമാണ്. തിരുവനന്തപുരം – കൊച്ചുവേളി പാത ട്രെയിനുകളുടെ ബാഹുല്യം നിമിത്തം പലപ്പോഴും സ്തംഭിക്കുന്ന അവസ്ഥയിലുമെത്തിയിട്ടുണ്ട്. ഇതിനു പരിഹാരമായാണു ചെന്നൈ ബേസിൻ ബ്രിഡ്ജ് കോച്ചിങ് ഡിപ്പോയെ മാതൃകയാക്കി നേമം ടെർമിനൽ വിഭാവനം ചെയ്തത്. പദ്ധതി നടപ്പിലായിരുന്നെങ്കിൽ 30 തീവണ്ടികൾ വരെ കൈകാര്യം ചെയ്യുവാൻ കഴിയുന്ന 10 പിറ്റ് ലൈനുകളും 12 സ്റ്റേബ്ളിംഗ് ലൈനുകളും സിക്ക് ലൈനുകളും സ്റ്റാഫ് ക്വാർട്ടേഴ്സുകളും നേമത്ത് ഉണ്ടാകുമായിരുന്നു.

2019 മാർച്ച് 7ന്  റെയിൽവേ മന്ത്രിയായിരുന്ന പിയൂഷ് ഗോയൽ വീഡിയോ കോൺഫറൻസ് മുഖേന പദ്ധതിക്കു തറക്കല്ലിട്ടു. 116.57 കോടി രൂപ ചെലവിൽ നിർമിക്കാൻ വിഭാവനം ചെയ്ത പദ്ധതിയുടെ ഡിപിആർ ദക്ഷിണ റെയിൽവേ തയാറാക്കി റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നെങ്കിലും അംഗീകാരം നൽകുന്നത് അനിശ്ചിതമായി നീണ്ടു. തിരുവനന്തപുരം സെൻട്രലിന്റെ ഉപ ടെർമിനലായി കൊച്ചുവേളിയുള്ള സ്ഥിതിക്ക് നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ചതായാണ് ഇപ്പോൾ റെയിൽവേ പറയുന്നത്. പദ്ധതി എന്ന് ആരംഭിക്കുമെന്ന ചോദ്യത്തോടു റെയിൽവേ വ്യക്തമായി പ്രതികരിക്കാതിരുന്നതിനാൽ ജോൺ ബ്രിട്ടാസ് എംപി രാജ്യസഭാധ്യക്ഷനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ രേഖാമൂലം അദ്ദേഹത്തിനു നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഈ വിഷയം ഉന്നയിച്ച് എംപിമാർക്കൊപ്പം സംസ്ഥാന മന്ത്രിമാർ കേന്ദ്രമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ റെയിൽവേ വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളിൽ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നു വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നേമം കേരളത്തിന്റെ റെയിൽവേ വികസനത്തിൽ അനിവാര്യമാണെന്നും പദ്ധതി പുനഃസ്ഥാപിക്കണമെന്നും ഇക്കാര്യത്തിൽ റെയിൽവേ ഇപ്പോഴത്തെ നിലപാടു തിരുത്തണമെന്നും മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.

From around the web

Special News
Trending Videos