മങ്കിപോക്സ്: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി: മന്ത്രി

 മങ്കിപോക്സ്: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി: മന്ത്രി

 
36
 

സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചിക്കൻപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവർക്ക് മങ്കി പോക്സ് അല്ലെന്ന് ഉറപ്പ് വരുത്തും. സമൂഹത്തിൽ മറ്റൊർക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താൻ സമാന ലക്ഷണമുള്ള സാമ്പിളുകൾ റാൺഡമായി പരിശോധിക്കും. എയർപോർട്ടിൽ നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എയർപോർട്ട് അധികൃതരുമായി ചർച്ച നടത്തും. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കണം. രോഗികളേയും രോഗം സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ കനിവ് 108 ആംബുലൻസും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മങ്കിപോക്സ് പ്രതിരോധത്തിനുള്ള പരിശീലനം ദ്രുതഗതിയിൽ നടന്നുവരുന്നു. ഇതുവരെ 1200ലധികം ആരോഗ്യ പ്രവർത്തകർക്ക് വിദഗ്ധ പരിശീലനം നൽകി. ഡെർമറ്റോളജിസ്റ്റ്, ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, പുലരി ക്ലിനിക്, ആയുഷ് വിഭാഗം തുടങ്ങിയവർക്കും വിദഗ്ധ പരിശീലനം നൽകും. എയർപോർട്ട് ജീവനക്കാർക്കും പരിശീലനം നൽകി വരുന്നു.

മങ്കിപോക്സ് സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റാർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. സമ്പർക്കപട്ടികയിലുള്ള എല്ലാവരേയും നിരന്തരം നിരീക്ഷിച്ചു വരുന്നു. ദിവസവും രണ്ട് നേരം ഫോണിൽ വിളിച്ച് അവരുടെ ശാരീരിക മാനസിക അവസ്ഥ വിലയിരുത്തി വരുന്നു.

കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഇതുകൂടാതെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടർ, പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ എന്നിവരുമായും ചർച്ച നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ച് രോഗിയുടെ അവസ്ഥ വിലയിരുത്തി.

കേന്ദ്ര ആരോഗ്യ വകുപ്പ് അഡൈ്വസർ ഡോ. പി. രവീന്ദ്രൻ, എൻസിഡിസി ജോ. ഡയറക്ടർ ഡോ. സങ്കേത് കുൽക്കർണി, ന്യൂഡൽഹി ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിലെ പ്രൊഫസർ ഡോ. അനരാധ, ഡെർമറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തൊലെ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയിൻ എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്.

From around the web

Special News
Trending Videos