ഭൂരഹിത പുനരധിവാസ ഭൂമി ഇനി പണയപ്പെടുത്താം

 

ഭൂരഹിത പുനരധിവാസ ഭൂമി ഇനി പണയപ്പെടുത്താം

 
38
 

കാസർഗോഡ്: ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം ലഭിക്കുന്ന ഭൂമി ഇനി ആശങ്കയില്ലാതെ പണയപ്പെടുത്താം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതര്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം സര്‍ക്കാര്‍ വാങ്ങി നല്‍കുന്ന ഭൂമിയാണ് ഇനി പണയപ്പെടുത്താന്‍ സാധിക്കുക. സ്വന്തമായി ഭൂമി ഇല്ലാത്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയാണ് ഭൂരഹിത പുനരധിവാസ പദ്ധതി. 1989 മുതലാണ് പദ്ധതി നടപ്പാക്കി തുടങ്ങിയത്. വായ്പ ലഭിക്കുന്നതിനായി ഇപ്രകാരം അനുവദിക്കുന്ന ഭൂമി പണയപ്പെടുത്താന്‍ സാധിക്കും.

ഭവന നിര്‍മ്മാണം, കുടുംബാംഗങ്ങളുടെ ഗുരുതരമായ രോഗങ്ങളുടെ ചികിത്സ, പെണ്‍മക്കളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്കായാണ് പണയപ്പെടുത്തുവാന്‍ കഴിയുക. പട്ടികജാതി വികസന ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഭൂമി പണയപ്പെടുത്തുവാന്‍ അനുവാദം ഉണ്ടായിരിക്കുക. ജില്ലയില്‍ ലൈഫ് മിഷന്‍ മുഖേന കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 652 വീടുകള്‍ നല്‍കി.

ഭൂമിയില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ കുറഞ്ഞത് അഞ്ചു സെന്റ് ഭൂമി വാങ്ങി നല്‍കുന്നതിന് 3.75 ലക്ഷം രൂപയുടെ ധനസഹായവും നഗരസഭകളില്‍ ഇത് കുറഞ്ഞത് മൂന്നു സെന്റും 4.5 ലക്ഷം രൂപയുമാണ് നല്‍കി വരുന്നത്. ജില്ലയില്‍ 2019 - 20 വര്‍ഷത്തില്‍ 126 വീടുകളും 2020-21വര്‍ഷത്തില്‍ 201 വീടുകളും, 2021 - 22 വര്‍ഷങ്ങളില്‍ 201 വീടുകളും നല്‍കി. 2022-23 വര്‍ഷത്തില്‍ 250 വീടുകളാണ് ലക്ഷ്യം വെക്കുന്നത്. 21-22 വര്‍ഷത്തില്‍ ദുര്‍ബല വിഭാഗത്തില്‍പ്പെട്ട 36 പേര്‍ക്ക് വീടുകള്‍ നല്‍കിയിരുന്നു. ജീവിത പ്രതിസന്ധികളാല്‍ വലയുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഈ സഹായ നടപടി വളരെയധികം ഉപകാര പ്രദമാകും.

ഭൂരഹിതപുനരധിവാസ പദ്ധതി പ്രകാരം ലഭിക്കുന്ന ഭൂമിയും വീടും വില്‍ക്കുന്നതിനോ പണയപ്പെടുത്തുന്നതിനോ വാടകയ്ക്ക് നല്‍കുന്നതിനോ മറ്റാര്‍ക്കെങ്കിലും കൈമാറുന്നതിനോ മുന്‍പ് അവകാശമുണ്ടായിരുന്നില്ല. എന്നാല്‍ ഗുണഭോക്താക്കളുടെ കാലശേഷം നിയമപ്രകാരമുള്ള അനന്തരാവകാശികളില്‍ ഒരാള്‍ക്ക് കൈമാറാം. ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം ലഭിച്ച വീടും വസ്തുവും വിവിധ ആവശ്യങ്ങള്‍ക്കായി പണയപ്പെടുത്തുന്നതിന് പ്രത്യേക അനുമതി തേടി നിരവധി അപേക്ഷകള്‍ സര്‍ക്കാരിലേക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുണ്ടായിരുന്ന ഉത്തരവില്‍ മാറ്റം വരുത്തിയത്.

ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍, അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഭൂമിയും വീടും പൊതുമേഖലാ/ഷെഡ്യൂള്‍ഡ്/സഹകരണ ബാങ്കുകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ എന്നിവയില്‍ വായ്പയ്ക്കായി പണയപ്പെടുത്താം.

പല ബാങ്കുകളും ഈയൊരു അവസരം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് നല്‍കാത്ത നിലയുണ്ട്. ഇത് നിയമപ്രകാരം തെറ്റാണ്. ഈ അവസ്ഥ മാറണം. അതുപോലെ അത്യാവശ്യ ഘട്ടങ്ങളില്‍ ഭൂമി പണയപ്പെടുത്തി തുക കൈപറ്റുന്ന ഗുണഭോക്താക്കള്‍ തിരച്ചടവ് മുടങ്ങാതെ അടക്കണമെന്നും ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ എസ്.മീനാറാണി പറഞ്ഞു.

From around the web

Special News
Trending Videos