ഓപ്പറേഷൻ മത്സ്യ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി

 ഓപ്പറേഷൻ മത്സ്യ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി

 
33
 

നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക്‌പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേടായ മത്സ്യം വരുന്നുണ്ടോയെന്ന് കർശനമായി നിരീക്ഷിക്കും. പരിശോധനകളിൽ വീഴ്ച ഉണ്ടോയെന്ന് കണ്ടെത്താൻ തിരുവനന്തപുരം അമരവിള, പൂവാർ ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ അമരവിള ചെക്ക്പോസ്റ്റിൽ ലോറിയിൽ കൊണ്ടുവന്ന ചൂരമീൻ നല്ലതും ചീത്തയും ഇടകലർത്തിയതായി കണ്ടെത്തി. അത് പിടിച്ചെടുത്തു നശിപ്പിക്കുന്നതിനായി നെയ്യാറ്റിൻകര നഗരസഭക്ക് കൈമാറിയിട്ടുണ്ട്. ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി അമ്പലപ്പുഴ, പുറക്കാട് മേഖലകളിലെ മത്സ്യ മൊത്തവ്യാപാര സ്ഥലങ്ങളിൽ പരിശോധന നടത്തി. ആകെ 11 വാഹനങ്ങളും, മൂന്ന് കമ്മീഷൻ ഏജൻസികളിലും പരിശോധന നടന്നു. 16 സാമ്പിളുകൾ കിറ്റ് ഉപയോഗിച്ച് പരിശോധിച്ചു. ഉപയോഗ യോഗ്യമല്ലാത്ത 60 കിലോ അയല നശിപ്പിച്ചു. ഒരാൾക്ക് നോട്ടീസ് നൽകി. അമരവിള, പൂവാർ ചെക്ക്പോസ്റ്റുകളിൽ കൂടി വന്ന 49 വാഹനങ്ങളിൽ പരിശോധന നടത്തി. 15 വാഹനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ ലൈസൻസ് ഇല്ലാത്തതിനാൽ തിരിച്ചയച്ചു. 70 കിലോഗ്രാം ചൂര മത്സ്യം നശിപ്പിച്ചു. 15 വാഹനങ്ങൾക്ക് ലൈസൻസ് എടുക്കാൻ നോട്ടീസ് നൽകി. 39 മത്സ്യത്തിന്റെ സാമ്പിളുകൾ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തി. കെമിക്കൽ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞില്ല.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങൾക്ക് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് ആക്ട് 2006 പ്രകാരം ലൈസൻസ്/ രജിസ്ട്രേഷൻ ഇല്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുന്നതാണ്. മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങൾ ഓൺലൈൻ വഴി ഭക്ഷ്യസുരക്ഷാ ലൈസൻസ്/ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. വാഹനത്തിന്റെ ആർ.സി ബുക്കിന്റെ പകർപ്പ്, ആധാർ കാർഡ്, ഫോട്ടോ എന്നിവ ഉണ്ടെങ്കിൽ ഓൺലൈൻ വഴി രജിസ്ട്രേഷൻ എടുക്കാവുന്നതാണ്. ഒന്നിലധികം വാഹനങ്ങൾ ഉള്ളവരും കമ്മീഷൻ ഏജന്റുമാരും ഇപ്രകാരം ലൈസൻസ് എടുക്കേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

From around the web

Special News
Trending Videos