വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; ജില്ലയിലെ ആദ്യ ഇന്റലിജന്റ് പഞ്ചായത്താകാൻ എസ്എൻ പുരം

 

വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; ജില്ലയിലെ ആദ്യ ഇന്റലിജന്റ് പഞ്ചായത്താകാൻ എസ്എൻ പുരം

 
13
 

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ വിവരങ്ങൾ ഇനി വിരൽത്തുമ്പിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകും. ഗ്രാമപഞ്ചായത്ത് തലത്തിൽ ജില്ലയിൽ ആദ്യമായി നടപ്പിലാക്കുന്ന ഇന്റലിജന്റ് പഞ്ചായത്താകാൻ ഒരുങ്ങി ശ്രീനാരായണപുരം. ആധുനിക വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വികസനക്ഷേമ പദ്ധതികൾ വിഭാവനം ചെയ്യുന്നതിനും സേവനങ്ങൾ പൊതുജനങ്ങളിലേയ്ക്ക് അതിവേഗം എത്തിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഇന്റലിജന്റ് പഞ്ചായത്ത്.

ചരിത്രം, വ്യക്തിഗത ഡാറ്റകൾ, റോഡുകൾ, തോടുകൾ, പാലങ്ങൾ, ജലസംഭരണ കേന്ദ്രങ്ങൾ, പ്രകൃതി വിഭവങ്ങൾ, തുടങ്ങിയവയുടെ ഡ്രോൺ ഇമേജ് സഹിതമുള്ള വിശദവിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. 30 ലക്ഷം രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി വിനിയോഗിക്കുന്നത്.

സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രദേശവാസികളുടെ വിവരങ്ങൾ, കെട്ടിടങ്ങളുടെ ചുറ്റളവ്, ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ, റോഡ്, പാലം, കലുങ്ക്, മറ്റു ലാന്റ്മാർക്കുകൾ, വാട്ടർ പൈപ്പ്ലൈൻ, വൈദ്യുതി ലൈനുകൾ തുടങ്ങി പഞ്ചായത്തിൽ ഉൾപ്പെടുന്ന എല്ലാ വിവരങ്ങളും അതാത് ലൊക്കേഷനിൽ ഡിജിറ്റലായി ശേഖരിക്കും. ഡ്രോൺ, ജിപിഎസ്, ഡിജിപിഎസ്, ജിഐഎസ്, പ്രത്യേകം രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ സഹായത്തോടെയാണ് പഞ്ചായത്തിന്റെ പരിധിയിലുള്ള വിവരങ്ങൾ ശേഖരിക്കുന്നത്.

ഡ്രോൺ സർവ്വേയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ മുഴുവൻ ഭൂപ്രദേശങ്ങളെ കുറിച്ചുള്ള വ്യക്തവും സൂക്ഷ്മവുമായ വിവരങ്ങൾ ലഭ്യമാകുന്നു. ഭൗമവിവര സാങ്കേതിക വിദ്യയിലൂടെ എല്ലാ വിവരങ്ങളും ലൊക്കേഷൻ അധിഷ്ഠിതമായി ഡിജിറ്റലായി സൂക്ഷിക്കാൻ സാധിക്കും. ഇന്റലിജന്റ് പ്രോപ്പർട്ടി മാനേജ്മെന്റ് സംവിധാനം വഴി കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, ഡ്രൈനേജ് എന്നിവയുടെ ഫോട്ടോ ഉൾപ്പടെയുള്ള വിവരങ്ങൾ ആവശ്യാനുസരണം തിരയാൻ സൗകര്യപ്പെടും വിധം വെബ്പോർട്ടലിലും ഒരുക്കിയിട്ടുണ്ട്. അധികാര പരിധിയിൽ വരുന്ന പ്രകൃതി-മനുഷ്യ വിഭവങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ അഭാവം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പദ്ധതി പ്രാവർത്തികമാകുന്നതോടെ ഇതിന് പരിഹാരമാകും.

തേവർപ്ലാസ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 6ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഇന്റലിജന്റ് പഞ്ചായത്ത് പ്രഖ്യാപനം നിർവഹിക്കും.

From around the web

Special News
Trending Videos