ലോക്സഭയിലും ഉദ്ധവ് താക്കറെയെ വെട്ടിനിരത്തി ഏക്നാഥ് ഷിൻഡെ പക്ഷം

ഡൽഹി /മുംബൈ: ലോക്സഭയിലും ഉദ്ധവ് താക്കറെയെ വെട്ടിനിരത്തി ഏക്നാഥ് ഷിൻഡെ പക്ഷം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേനാ വിഭാഗത്തിലെ രാഹുൽ ഷെവാലെയെ ലോക്‌സഭയിലെ ശിവസേന പാർട്ടി നേതാവായി ലോക്‌സഭാ സ്പീക്കർ ഓം ബിർള അംഗീകരിച്ചു. ലോക്‌സഭാ കക്ഷിയിലെ 19 സേനാംഗങ്ങളിൽ 12 പേരും ഒപ്പിട്ട പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിൽ ഭാവന ഗാവ്‌ലിയെ പാർട്ടിയുടെ ചീഫ് വിപ്പായും ബിർള അംഗീകരിച്ചു.
നേരത്തെ കക്ഷി നേതാവായിരുന്ന വിനായക് റാവുത്തിനെയും ചീഫ് വിപ്പായിരുന്ന രാജൻ വിചാരെയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനായി ഉദ്ധവ് താക്കറെ ഗ്രൂപ്പിലെ ഏഴ് എംപിമാരുടെ കൂടെ പിന്തുണ ആവശ്യമാണ്. സേനയുടെ മൂന്നിൽ രണ്ട് എംഎൽഎമാരും 19 എംപിമാരിൽ 12 പേരും തങ്ങളുടെ പക്ഷത്തായതിനാൽ ഷിൻഡെ വിഭാഗം ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് യഥാർത്ഥ ‘ശിവസേന’യായി അംഗീകരിക്കണമെന്ന് അഭ്യർഥിക്കുമെന്നും അറിയിച്ചു .