അഴിമതി പൂർണമായി ഇല്ലാതാക്കും; അഴിമതിക്കാരോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല: മുഖ്യമന്ത്രി

അഴിമതി പൂർണമായി ഇല്ലാതാക്കും; അഴിമതിക്കാരോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല: മുഖ്യമന്ത്രി

 
20

അഴിമതി ഏറ്റവും കുറഞ്ഞ നാടാണു കേരളമെന്നും അതു തീരെ ഇല്ലാതാക്കാനാണു സർക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കാരോട് ഒരു വിട്ടുവീഴ്ചയും സർക്കാർ ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വില്ലേജ് ഓഫിസുകളുടെ ഭാഗമായി വില്ലേജ്തല ജനകീയ സമിതി രൂപീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഓഫിസുകളിൽനിന്നു സേവനം ലഭിക്കുകയെന്നതു പൗരന്റെ അവകാശമാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളെ സേവിക്കാനാണ് ഉദ്യോഗസ്ഥവൃന്ദമെന്ന ധാരണ എല്ലാവർക്കുമുണ്ടാകണം. ഏതെങ്കിലും കാര്യത്തിൽ തീരുമാനമെടുക്കേണ്ടിവരുമ്പോൾ വഴിവിട്ട നടപടി സ്വീകരിച്ചു ചില്ലറ കാശു സമ്പാദിക്കാമെന്ന് ആർക്കെങ്കിലും തോന്നുന്നത് നാടിനും സിവിൽ സർവീസിനും ചേർന്നതല്ലെന്ന് മനസിലാക്കണം. ഇക്കൂട്ടർ സമൂഹത്തിൽ വളരെ കൂടുതലല്ല. പക്ഷേ, തെറ്റായ രീതിയിൽ കാര്യങ്ങൾ കൊണ്ടുപോകാൻ താത്പര്യമുള്ള ചിലർ നാടിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നും, അത്തരം ചിലർ തങ്ങൾ കാര്യം നടത്തിത്തരാമെന്നു പറഞ്ഞ് ഏജന്റുമാരായടക്കം ചില ഓഫിസുകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം എജന്റുമാരും അവരെ പ്രോത്സഹിപ്പിക്കുന്നവരും  ഇതുവഴി എന്തെങ്കിലും നേട്ടം കരസ്ഥാമാക്കാമെന്നു കരുതുന്നവരും അതൊക്കെ കൈവിട്ട കളിയായിരിക്കുമെന്ന കാര്യം ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ദൈനംദിന ജീവിതവുമായി അഭേദ്യമായ ബന്ധമാണു റവന്യൂ വകുപ്പിന്റെ ഓഫിസുകൾക്കുള്ളതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഈ പ്രവർത്തനങ്ങളിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾപോലും ജനങ്ങളെ വലിയ രീതിയിൽ ബാധിക്കും. ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന വകുപ്പെന്ന നിലയിൽ ജനോൻമുഖവും കാലത്തിനൊത്തതുമായ നവീകരണം പ്രധാനമാണ്. സാങ്കേതിക തലത്തിലും കാര്യക്ഷമതാ തലത്തിലും റവന്യൂ വകുപ്പിനെ നവീകരിക്കാൻ വലിയ ഇടപെടലാണു സർക്കാർ നടത്തുന്നത്. 1244 താത്കാലിക തസ്തികകൾ സ്ഥിരമാക്കിയത് ഇതിന്റെ ഭാഗമാണ്.

നവീകരണത്തിലൂടെ കൂടുതൽ കാര്യക്ഷമതിയിലേക്കു സർക്കാർ സംവിധാനങ്ങളെ ഉയർത്തുകയെന്നതാണു സർക്കാർ നയം. റവന്യൂ വകുപ്പിലേതടക്കം 610 സേവനങ്ങൾ ഓൺലൈനാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യയിലെ മുന്നേറ്റത്തെ ഫലപ്രദമായും കാര്യക്ഷമമായും ഉപയോഗിക്കാൻ റവന്യൂ വകുപ്പിനു കഴിയുമെന്നതുകൊണ്ടാണു വില്ലേജ് ഓഫിസുകളും മറ്റ് ഓഫിസുകളും ഡിജിറ്റലാക്കുന്ന നടപടി ആരംഭിച്ചത്. ഇത്തരത്തിൽ നടത്തപ്പെടുന്ന ഇടപെടലുകളുടെ തുടർച്ചയാണു വില്ലേജ്തല സമിതികളുടെ രൂപീകരണം. പദ്ധതി രൂപീകരണവും നിർവഹണവും സർക്കാർ കാര്യം മാത്രമാക്കി മാറ്റാതെ ഓരോ പ്രദേശത്തിനും ആവശ്യമായ പദ്ധതികൾ ജനപങ്കാളിത്തത്തോടെ നിർണയിക്കുന്ന രീതിയെന്ന കാഴ്ചപ്പാടാണ് ഈ സമിതിയിലൂടെ പ്രകടമാകുന്നത്. പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനു റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടായ ചർച്ച നടത്തുന്നതരത്തിലാണു സമിതിയുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. വില്ലേജ് ഓഫിസർ അധ്യക്ഷനായ സമിതിയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പട്ടികജാതി പട്ടികവർഗ പ്രതിനിധികളുമെല്ലാമുണ്ടാകും.

വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ കഴിഞ്ഞ സർക്കാർ വലിയ മാതൃകയാണു കാട്ടിയത്. പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും അതു ജനം എത്ര വലിയ തോതിൽ അംഗീകരിച്ചെന്നതും പ്രകടമായ കാര്യമാണ്. ജനങ്ങളുടെ മുന്നിൽ കള്ളം പറയില്ല. ജനങ്ങളെ കബളിപ്പിക്കാൻ എന്തെങ്കിലും വാഗ്ദാനം ചെയ്യുന്ന രീതിയല്ല സർക്കാരിനുള്ളത്. പറയുന്നതെന്താണോ അതു നടപ്പാക്കും. നടപ്പാക്കാൻ പറ്റുന്നവയേ പറയുകയുള്ളൂ. ഇക്കഴിഞ്ഞ ബജറ്റിൽ അക്കാര്യം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വരുന്ന നാലു വർഷംകൊണ്ട് സമ്പൂർണ ഭൂസർവെ പൂർത്തിയാക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. താലൂക്ക്തല ജനകീയ സമിതിയുടേയും ജില്ലാ വികസന സമിതിയുടേയും മാതൃകയിലാണു സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളുടെ ഭാഗമായി വില്ലേജ് തല സമിതികൾ രൂപീകരിച്ചിരിക്കുന്നത്. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച സമിതി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനു ശേഷം മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ പേരൂർക്കട വില്ലേജ്തല സമിതി യോഗം ചേർന്നു. ഈ സമയത്ത് സംസ്ഥാനത്തെ മറ്റു വില്ലേജുകളിലും സമിതിയുടെ യോഗം ചേർന്നു.

പേരൂർക്കട വില്ലേജ് ഓഫിസ് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, കൗൺസിലർ നന്ദഭാർഗവ്, ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജു, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

From around the web

Special News
Trending Videos