ആലപ്പുഴ സമ്പൂര്‍ണ ശുചിത്വ മണ്ഡലം പദ്ധതി മാതൃകാപരം-മന്ത്രി സജി ചെറിയാന്‍

ആലപ്പുഴയെ സമ്പൂര്‍ണ ശുചിത്വ മണ്ഡലമാക്കുന്നതിനുള്ള പദ്ധതി മാതൃകാപരമാണെന്ന് ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പദ്ധതിയുടെ വിശദീകരണത്തിനായി ആര്യാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശുദ്ധവായവും ശുദ്ധ ജലവും ഉറപ്പാക്കുകയെന്നത് വികസനത്തേക്കാള്‍ പ്രധാനമാണ്. അതുകൊണ്ടുതന്നെ ആലപ്പുഴ നിയമസഭാ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതി വലിയ മാറ്റത്തിന് വഴിതെളിക്കും. മാലിന്യ സംസ്‌കരണത്തില്‍ നമുക്കെല്ലാം പുതിയ കാഴ്ച്ചപ്പാടുണ്ടാകണം. എല്ലാ ജലാശയങ്ങളും മാലിന്യ മുക്തമായി സൂക്ഷിക്കേണ്ടത് ഉത്തരവാദിത്വമായി കാണാന്‍ സമൂഹത്തിന് കഴിയണം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയം മറന്ന് പങ്കാളികളാകണം.
അടുത്ത രണ്ടു വര്‍ഷംകൊണ്ട് കടലില്‍നിന്ന് പരമാവധി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇങ്ങനെ നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം എല്ലാ ഹാര്‍ബറുകളിലും ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. പി.പി ചിത്തരജ്ഞന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ റിയാസ്, ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ എം.ആര്‍ പ്രേം, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രന്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുദര്‍ശന ഭായ്, പി.പി സംഗീത, ടി.വി. അജിത് കുമാര്‍, ജി. ബിജുമോന്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ്കുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.വി ജയകുമാരി, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജി.പി ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാന്‍ ആലപ്പി കോ-ഓര്‍ഡിനേറ്റര്‍ രോഹിത്ത് ജോസഫ് പദ്ധതി അവതരിപ്പിച്ചു.