അശ്ലീല വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്ത് കോടികള്‍ സമ്പാദിച്ച യൂടൂബ് ചാനല്‍ ഉടമകള്‍ അറസ്റ്റിൽ

ലോക്ക്ഡൗണ്‍ സമയത്ത് അശ്ലീല പ്രാങ്ക് വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്ത് കോടികള്‍ സമ്പാദിച്ച മൂന്ന് യൂടൂബ് ചാനല്‍ ഉടമകളെ അറസ്റ്റ് ചെയ്തു. മുംബൈ സൈബര്‍ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ പൊതുസ്ഥലങ്ങളില്‍ വെച്ചാണ് പ്രതികള്‍ ഇത്തരം വീഡിയോകള്‍ ചിത്രീകരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
അഞ്ച് യുവതികള്‍ നല്‍കിയ പരാതിയിന്മേലാണ് കുറ്റാരോപിതരായ മൂവര്‍ സംഘത്തിനെതിരെ കേസെടുത്തത്. പരാതിക്കാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. താനെ സ്വദേശിയായ മുകേഷ് ഗുപ്ത (29), 25 കാരനായ ജിതേന്ദ്ര ഗുപ്ത, 23കാരനായ പ്രിന്‍സ് കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഏകദേശം 300 വീഡിയോകളാണ് പ്രതികള്‍ 17 യൂടൂബ് ചാനലുകളിലായും ഫേസ്ബുക്ക് പേജുകളിലായും പങ്കുവെച്ചത്. ഇതിലൂടെ ഇവര്‍ രണ്ട് കോടിയോളം രൂപയാണ് ഉണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു.
ലോക്ക്ഡൗണ്‍ സമയത്താണ് മൂവര്‍ സംഘം അശ്ലീല പ്രാങ്ക് വീഡിയോകള്‍ ചിത്രീകരിച്ച് യൂടുബിലും മറ്റും അപ്പ്‌ലോഡ് ചെയ്യാന്‍ തുടങ്ങിയത്. സിറ്റിയിലെ പലയിടങ്ങളിലായാണ് വീഡിയോ ചിത്രീകരിച്ചത്. പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ഇവരോട് മോശമായി സംസാരിക്കുകയും ചെയ്യുന്ന വീഡിയോകളാണ് ഇവര്‍ ചാനലുകളില്‍ പങ്കുവെയ്ക്കുന്നത്.കേസ് രജിസ്റ്റര്‍ ചെയ്ത് ശേഷം നടത്തിയ അന്വേഷണത്തിലാണ് പൊലീസ് മൂവര്‍ സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരുടെ യൂടൂബ് അക്കൗണ്ടുകളും സൈബര്‍ വിഭാഗം മരവിപ്പിച്ചു.