വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശം, യുവാവ് അറസ്റ്റിൽ

വിമാനം റാഞ്ചി പാകിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം അയച്ച യുവാവ് അറസ്റ്റിൽ. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഭോപ്പാൽ രാജാബോജ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് മധ്യപ്രദേശിലെ ഷുജൽപുരിൽ താമസിക്കുന്ന ഉജ്ജ്വൽ ജെയിൻ എന്നയാളെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ പരാതി ലഭിച്ചതോടെ ഗാന്ധിനഗർ പൊലീസും ക്രൈംബ്രാഞ്ചും അജ്ഞാതനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരുന്നു. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. തന്റെ വഴിയിൽ നിങ്ങളാരും വരരുതെന്നും വിളിച്ചയാൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത ഉജ്ജ്വൽ ജെയിനെ വിശദമായ ചോദ്യം ചെയ്യലിനും കൂടുതൽ അന്വേഷണത്തിനുമായി ഭോപ്പാലിൽ എത്തിച്ചിട്ടുണ്ട്.