കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് നടപടി വൈകുന്നതിനെതിരെ വനിത കമ്മീഷൻ

കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡനങ്ങൾക്കിരയാക്കി എന്നാരോപിച്ച് കണ്ണൂർ സ്വദേശിനി നൽകിയ പരാതിയിൽ നാല് മാസത്തോളം പിന്നിട്ടിട്ടും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാത്ത നടപടി അപലപിച്ച് വനിതാ കമ്മീഷൻ രംഗത്ത്. എറണാകുളം സെൻട്രൽ പൊലീസ് സിഐയെ ഫോണിൽ വിളിച്ച് താക്കീത് നൽകിയ വനിത കമ്മീഷന്‍ ചെയർപേഴ്സൺ എം.സി.ജോസഫൈൻ, പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാനും നിർദേശിച്ചു.
തൃശ്ശൂര്‍ സ്വദേശിയായ മാർട്ടിന്‍ ജോസഫ് പുലിക്കോട്ടിൽ എന്നയാൾക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിന് ഉന്നത ബന്ധങ്ങൾ ഉണ്ടെന്നും ഇതാണ് അറസ്റ്റ് വൈകാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. ഇതിനിടെ മാർട്ടിൻ മുൻകൂര്‍ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും തള്ളപ്പെട്ടു.