വിസ്മയ കേസിൽ ഡോക്ടര്‍മാരുടേയും ഫൊറന്‍സിക് ഡയറക്ടറുടേയും മൊഴി രേഖപ്പെടുത്തി

കൊല്ലത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടേയും ഫൊറന്‍സിക് ഡയറക്ടറുടേയും വിശദമൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തി. ഫൊറന്‍സിക് ഡയറക്ടര്‍ ശശികലയുടേയും പോസ്റ്റുമോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരുടെയും മൊഴികളാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
വിസ്മയയുടെ കഴുത്തിലെ പാടുകള്‍, അവയുടെ ആഴം, സ്വയം തൂങ്ങുമ്പോഴും മറ്റൊരാള്‍ കെട്ടിത്തൂക്കുമ്പോഴും ഉണ്ടാകുന്ന വ്യത്യാസം തുടങ്ങിയവ മനസ്സിലാക്കാനാണ് സംഘത്തിന്‍റെ ശ്രമം. പ്രതി കിരണ്‍കുമാറിന്‍റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം, കിരണിന്‍റെ സഹോദരീ ഭർത്താവ് മുകേഷിനെ വീണ്ടും ചോദ്യം ചെയ്യും.