കൊലപാതക കേസിലെ പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ എസ്ഐക്ക് മുഖത്ത് വെട്ടേറ്റു

കോട്ടയത്ത് കൊലപാതക കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ മണിമല എസ്‌ഐ വിദ്യാധരന് വെട്ടേറ്റു. മണിമല വെള്ളവൂർ ചുവട്ടടി പാറയിൽ ഏറെക്കാലമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുന്നതിനാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതിനിടെയാണ് പ്രതിയുടെ പിതാവായ പ്രസാദ് പൊലീസിന് നേരെ പ്രസാദ് കത്തി വീശിയത്. എസ് ഐ വിദ്യാധരന്റെ മുഖത്തിന്റെ വലതു ഭാഗത്താണ് വെട്ടു കൊണ്ടത്.
പിന്നാലെ കൊലപാതക കേസിലെ പ്രതിയായ അജിനേയും പോലീസിനെ ആക്രമിച്ച പ്രസാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എസ് ഐ വിദ്യാധരനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതൽ പരിശോധനകൾക്കായി ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രസാദിനെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. പരിക്കേറ്റ എസ് ഐ വിദ്യാധരൻ അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.