മാര്‍ട്ടിന്‍ ജോസഫ് തൃശൂരില്‍ തന്നെയെന്ന് പൊലീസ്, അന്വേഷണം ഊര്‍ജിതമാക്കി

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് തൃശൂരില്‍ തന്നെയുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാൾക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും മാര്‍ട്ടിന്‍ ഉടന്‍ പിടിയിലാവുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു അറിയിച്ചു. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചി, തൃശൂര്‍ പൊലീസ് ടീമുകള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് മാര്‍ട്ടിന്‍ ജോസഫില്‍ നിന്നും ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ മാര്‍ട്ടിനില്‍ നിന്നും നിരന്തരമായ ഉപദ്രവവും ലൈംഗികാതിക്രമവുമാണ് നേരിട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഇതിനിടെ കേസില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിരിക്കുകയാണ് മാര്‍ട്ടിന്‍ ജോസഫ്. മാര്‍ച്ചില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിക്കളഞ്ഞിരുന്നതാണ്.