രാഖിൽ തോക്ക് കൊണ്ടുവന്നത് ബിഹാറിൽനിന്നെന്ന് മന്ത്രി എം.വി. ഗോവിന്ദൻ

കണ്ണൂർ: നെല്ലിക്കുഴിയില്‍ ഡെന്റല്‍ ഡോക്ടറായ കണ്ണൂര്‍ നാറാത്ത് പാര്‍വണത്തില്‍ മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് ബിഹാറില്നിന്നെത്തിച്ചതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. കോതമംഗലത്ത് ഡന്റല്‍ ഡോക്ടറായ മാനസയെ രാഖില്‍ കൊലപ്പെടുത്തിയത് ഉത്തരേന്ത്യന്‍ മോഡലിലാണെന്നും അതിനായി ബിഹാറിന്റെ ഉള്‍ഗ്രാമങ്ങളില്‍ രാഖില്‍ താമസിച്ചിരുന്നുവെന്നും മന്ത്രി എം.വി ഗോവിന്ദന്. മാനസയുടെ നറാത്തെ വീട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്.
രാഖിലിന്റെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ്. രണ്ട് ദിവസത്തിനകം കേരള പൊലീസ് അന്വേഷണത്തിനായി ബിഹാറിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. രാഖിലിനെ ആരെങ്കിലും സഹായിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം. എം. റൈഫിള്‍ ആണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
ബിഹാറിൽ തോക്ക് കിട്ടുമെന്നറിഞ്ഞത് രാഖിലിന്റെ സ്ഥാപനത്തിലെ തൊഴിലാളിയിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു. ബിഹാറിലെ മാവോയിസ്റ്റ് പ്രദേശങ്ങളില്‍നിന്നു തോക്ക് ലഭിക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ അവിടെ എത്തിയതെന്നാണു പോലീസ് കരുതുന്നത്. 7.62 എംഎം പിസ്റ്റൾ ഉപയോഗിച്ചാണ് മാനസയെ കൊലപ്പെടുത്തിയത്. ആരില്‍നിന്നാണു പിസ്റ്റള്‍ വാങ്ങിയത്, ഇതിനായി എത്ര രൂപ ചെവഴിച്ചു തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ അന്വേഷിച്ച് രാഖില്‍ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തുകയായിരുന്നു. മാനസയെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് നെഞ്ചിലും തലയിലും വെടിവച്ചു. ഇതിന് പിന്നാലെ സ്വയം നിറയൊഴിച്ച് രാഖിലും ജീവനൊടുക്കി. തലയ്ക്ക് നിറയൊഴിച്ച യുവാവിന്റെ തലയുടെ ഭാഗം പൂര്‍ണമായി ചിതറിതെറിച്ച നിലയിലായിരുന്നു.