വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കും

കാട്ടാക്കടയിൽ വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ കേസെടുക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു. ഇന്നലെ വൈകീട്ടാണ് തിരുവനന്തപുരം കാട്ടാക്കടയിൽ വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദിച്ചത്. തടയാൻ ശ്രമിച്ച മാതാപിതാക്കളെ ചീത്തവിളിച്ചെന്നും അവരുടെ മുന്നിലിട്ട് മർദിച്ചെന്നും പരാതിയുണ്ട്. സ്റ്റേഷനിൽ കൊണ്ട് പോയ വിദ്യാർത്ഥികളെ വൈകിട്ടോടെയാണ് വിട്ടയച്ചത്.
പഠിക്കാൻ ഇരുന്നപ്പോളാണ് തല്ലിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ലഹരി ഉപയോഗിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്നും പൊലീസിനെ കണ്ടതോടെ വിദ്യാർത്ഥികൾ ഓടിയതിനാലാണ് ബാലപ്രയോഗം വേണ്ടി വന്നതെന്നുമാണ് പൊലീസിന്റെ വിശദീകരണം. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കമ്മീഷൻ ശാസിച്ചു. ബാലാവകാശ കമ്മീഷൻ ചെയർമാൻ മനോജ് കുമാർ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.