പത്തനാപുരത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദബന്ധം അന്വേഷിക്കും

പത്തനാപുരത്തെ പാടം വനമേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം ഉണ്ടോയെന്ന് അന്വേഷിക്കും. വനം വകുപിന്‍റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ കശുമാവിൻ തോട്ടത്തിൽ നിന്നാണ് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ,വയറുകൾ, ഇവ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന പശ എന്നിവ കണ്ടെത്തിയത്.
പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്വക്വാഡ് വിശദമായ അന്വേഷണം നടത്തും. വനമേഖലക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പുനലൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് അന്വേഷണം. കേന്ദ്ര അന്വേഷണ ഏജൻസികളും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. സംഭവത്തിൽ തീവ്ര സ്വഭാവമുള്ള സംഘടനകളിലുള്ളവരെ കേന്ദ്രീകരിച്ചാകും അന്വേഷണം.