കുഴൽപ്പണം എത്തിച്ചത് ഹവാല മാർഗത്തിലൂടെയെന്ന് പൊലീസ് റിപ്പോർട്ട്

കൊടകരയിൽ വാഹനാപകടമുണ്ടാക്കി കവർച്ചചെയ്‌ത പണം എത്തിച്ചത് ഹവാല മാർഗത്തിലൂടെയെന്ന് പൊലീസ് റിപ്പോർട്ട്. അന്വേഷകസംഘം കണ്ടെടുത്ത പണം തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് ധർമരാജൻ നൽകിയ ഹർജിയെ എതിർത്താണ് അന്വേഷകസംഘം കോടതിയിൽ റിപ്പോട്ട് സമർപ്പിച്ചത്. ധർമരാജൻ വഴി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്‌ക്ക് കൈമാറാനുള്ള പണമാണ് കവർന്നതെന്ന് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷകസംഘം സമർപ്പിച്ച റിപ്പോട്ട് പറയുന്നു.
ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേഷ്, ഓഫീസ് സെക്രട്ടറി ഗിരീശൻ എന്നിവരുടെ നിർദേശപ്രകാരം കർണാടകത്തിൽനിന്നാണ് പണമെത്തിച്ചതെന്നും റിപ്പോട്ടിലുണ്ട്. ധർമരാജൻ ഉന്നത ബിജെപി നേതാക്കളെ വിളിച്ചതിന് മൊഴികളും ഡിജിറ്റൽ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്. കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയിൽ മൂന്നേകാൽക്കോടി തന്റെയും 25 ലക്ഷം സുനിൽ നായിക്കിന്റെയുമാണെന്നാണ് ധർമരാജൻ ഹർജിയിൽ പറയുന്നത്. എന്നാൽ, താൻ പണമെത്തിക്കുന്ന ഏജന്റ് മാത്രമെന്നാണ് പൊലീസിന് നൽകിയ മൊഴി.