നഗരത്തിലെ ബസ്സുകളില്‍ സ്ഥിരം മാലമോഷണം നടത്തുന്ന യുവതികളെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടി

പാലക്കാട്: നഗരത്തിലെ ബസ്സുകളില്‍ സ്ഥിരം മാലമോഷണം നടത്തുന്ന യുവതികളെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. തമിഴ്നാട് ധര്‍മ്മപുരി ശാന്തിനഗര്‍ സ്വദേശികളായ ദിവ്യ (41), സന്ധ്യ (38), സംഗീത (ജനനി-22) എന്നിവരാണ് അറസ്റ്റിലായത്. കുറച്ചു ദിവസങ്ങളായി നഗരത്തില്‍ ബസ്സില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ മാല മോഷണം പോകുന്ന കേസുകള്‍ കൂടിയതോടെയാണ് പ്രത്യേകസംഘം കേസന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ഞായറാഴ്ച പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പ്രതികളെ പിടികൂടി.
ഇവരെ പിടികൂടിയതോടെ നിരവധി മാലമോഷണക്കേസുകള്‍ക്കാണ് തുമ്ബായതെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണക്കേസിലുള്‍പ്പെട്ടവരാണ് പ്രതികള്‍.പാലക്കാട് ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.പി. സുധീരന്‍, സബ് ഇന്‍സ്പെക്ടര്‍മാരായ അനുദാസ്, ജോര്‍ജ്ജ് മാത്യു, നന്ദകുമാര്‍, ജൂനിയര്‍ എസ്.ഐ. ഗീതുമോള്‍, എസ്.സി.പി.ഒ.മാരായ അരവിന്ദാക്ഷന്‍, നൗഷാദ്, സുഹ്റ, പ്രിയ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.