സ്ത്രീകളോട് അശ്ലീല പ്രയോഗം, യൂട്യൂബ് ചാനലുടമ പബ്ജി മദന്‍ ഒളിവിൽ

യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളോട് അശ്ലീലം പറഞ്ഞ തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ പബ്ജി മദന്‍ ഒളിവിൽ. പത്ത് ലക്ഷത്തിലേറെ വരിക്കാരുള്ള യൂട്യൂബ് ചാനലിൽ പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി പബ്ജി മദൻ എന്ന മദൻകുമാർ മാണിക്കം നേടുന്നത് ലക്ഷങ്ങളാണ്. അശ്ലീല പ്രയോഗങ്ങളുമായിരുന്നു മദന്റെ 'ടോക്സിക് മദൻ 18 പ്ലസ്' എന്ന ചാനലിന്റെ പ്രത്യേകത. പദപ്രയോഗങ്ങള്‍ പരിധി വിട്ടതോടെ സഹകളിക്കാരി ചെന്നൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പിന്നാലെ നിരവധിപ്പേർ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തി. മദനനെതിരെ 159 പരാതികളാണ് ഇതുവരെ പൊലീസിന് ലഭിച്ചത്. ഇതോടെയാണ് പൊലീസ് ഇയാൾക്കായി തിരച്ചില്‍ തുടങ്ങിയത്. മദന്റെ അശ്ലീല ചാനലിന്റെ ഭൂരിഭാഗം ഫോളോവേഴ്സും 18 വയസിന് താഴെയുള്ളവരാണ്. ഇതിനിടെ തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മദന്‍ യൂട്യൂബ് ലൈവില്‍ എത്തി വെല്ലുവിളിച്ചു. ഇതോടെ കേസന്വേഷണം ക്രൈംബ്രാഞ്ച് സി ഐ ഡി വിഭാഗം ഏറ്റെടുത്തു. മദന് വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ ഭാര്യ കൃതികയെ പൊലീസ് സേലത്ത് വച്ചു പിടികൂടി.