പുനര്‍ജ്ജനിയ്ക്കാനായി മക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു

ബംഗളൂരു : ആന്ധ്രാപ്രദേശില്‍ പുനര്‍ജ്ജനിയ്ക്കാനായി മക്കളെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പളും കെമിസ്ട്രി പ്രൊഫസറുമായ എന്‍ പുരുഷോത്തം നായിഡു, ഭാര്യയും ഐഐടി ടാലന്റ് സ്‌കൂള്‍ പ്രിന്‍സിപ്പളുമായ പത്മജ എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ പുരുഷോത്തം നായിഡുവിന് മക്കളുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞദിവസം അനുവാദം നല്‍കിയിരുന്നു. ആത്മീയതയുടെ പരകോടിയിലായ ദമ്ബതിമാര്‍ തങ്ങള്‍ ചെയ്തതുകൊലപാതകമാണെന്ന് സമ്മതിക്കുന്നില്ല.
ഇളയ മകളെ കൊലപ്പെടുത്തിയത് മൂത്ത മകളായ ആലേഖ്യയാണെന്നും, പിന്നീട് ആലേഖ്യ തന്നെയാണ് കൊല്ലാന്‍ ആവശ്യപ്പെട്ടതെന്നുമാണ് അറസ്റ്റിലായ മാതാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസിന്റെ ചോദ്യംചെയ്യലും അന്വേഷണവും തുടരുകയാണ്. സായി ദിവ്യയെ കൊലപ്പെടുത്തിയത് മൂത്ത മകളായ ആലേഖ്യയാണെന്നാണ് പത്മജയുടെ മൊഴി. പിന്നാലെ തന്നെ കൊല്ലാന്‍ ആലേഖ്യ ആവശ്യപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട് കഴിഞ്ഞാല്‍ സായി ദിവ്യയുടെ ആത്മാവുമായി തനിക്ക് കൂടിച്ചേരാമെന്നും കലിയുഗം അവസാനിച്ച് തിങ്കളാഴ്ച സത്യയുഗം ആരംഭിക്കുമ്ബോള്‍ സഹോദരിക്കൊപ്പം പുനര്‍ജനിക്കാമെന്നും ആലേഖ്യ പറഞ്ഞെന്ന് അമ്മ മൊഴി നല്‍കുന്നു.
അതേസമയം കൊല്ലപ്പെട്ട യുവതികളുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇവരുടെ പെരുമാറ്റ രീതികളാണ് പൊലീസിനെ കുഴപ്പിയ്ക്കുന്നത്. മുഖ്യ സൂത്രധാരയെന്ന് കരുതപ്പെടുന്ന അമ്മ സമനില തെറ്റിയത് പോലെയാണ് പെരുമാറുന്നത്. നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം പ്രതികളെ താലൂക്ക് ആശുപത്രിയില്‍ കോവിഡ് ടെസ്റ്റിനായി എത്തിച്ചിരുന്നു. എന്നാല്‍ ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്നത്.
'കൊറോണ ചൈനയില്‍ നിന്ന് വന്നതല്ല..ശിവനില്‍ നിന്നും വന്നതാണ്. ഞാന്‍ ശിവനാണ്. മാര്‍ച്ചോടെ കൊറോണ അവസാനിയ്ക്കും'- എന്നായിരുന്നു പരിശോധനയ്ക്കിടെ ഇവര്‍ പറഞ്ഞത്. 'കുടുംബം മുഴുവന്‍ കടുത്ത മതവിശ്വാസികള്‍ ആയിരുന്നു. അതിന്റെ ഫലമാണ് ഈ കൊലപാതകങ്ങളും' -എന്നാണ് മടനപ്പള്ളി ഡിഎസ്പി രവി മനോഹര്‍ ആചാരി പറയുന്നത്.
'മാതാപിതാക്കളുടെ ദേഹത്ത് ഒരു പരിക്കും ഉണ്ടായിരുന്നില്ല എന്നാല്‍ അവര്‍ അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നു. മക്കള്‍ തിരികെ വരുമെന്ന് പറഞ്ഞു കൊണ്ടേയിരുന്നു' - പൊലീസ് പറയുന്നു. മക്കളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിച്ചപ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ വിചിത്രമായ രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം